ചെറിയാന് വീട്ടിലേക്ക് മടക്കം: രണ്ട് പതിറ്റാണ്ടിന് ശേഷം കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ച് ചെറിയാൻ ഫിലിപ്പ്

By Asianet MalayalamFirst Published Nov 2, 2021, 4:56 PM IST
Highlights

ചെറിയാൻ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. 

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ബാന്ധവം ഉപേക്ഷിച്ച് ചെറിയാൻ ഫിലിപ്പ് (Cherian Philip) കോൺ​ഗ്രസിൽ (Congress) തിരിച്ചെത്തി. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനിൽ (K Sudhakaran) നിന്നും ചെറിയാൻ ഫിലിപ്പ് അഞ്ച് രൂപ നൽകി അം​ഗത്വം സ്വീകരിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ധീഖ്, പിടി തോമസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിൻ്റെ കോൺ​ഗ്രസിലേക്കുള്ള മടക്കം. 

ചെറിയാൻ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ചെറിയാനൊരു റോൾ മോഡലാണ്. സിപിഎമ്മിലേക്ക് പോകുന്നവർക്ക് പാഠപുസ്തകമാണ് ചെറിയാനെന്നും സുധാകരൻ പറഞ്ഞു. 

ചെറിയ പരിഭവങ്ങളുടെ പേരിൽ മാറി നിൽക്കുന്നവരെ കോൺ​ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും നിരവധി ആളുകൾ ഇനിയും കോൺ​ഗ്രസിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചെറിയാന് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ രക്ഷകർതൃത്വമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പതിറ്റാണ്ടു കാലം വിശ്വസ്തനായി നിന്ന ചെറിയാനെ ഇത്ര പെട്ടെന്ന് തള്ളിപ്പറയാൻ എങ്ങനെ പിണറായിക്ക് സാധിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു. 

പാലിൽ വെള്ളം ചേർത്ത് പാൽ ഇല്ലാതായത് പോലെ സിപിഎമ്മിൽ മാ‍ർക്സിസമില്ലാതായെന്ന് മറുപടി പ്രസം​ഗത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കിൽ തനിക്ക് കോൺ​ഗ്രസിലേക്ക് മടങ്ങിപ്പോകുകയുമാവാം. കോൺഗ്രസിന് കാലാവസ്ഥാമാറ്റം വന്നപ്പോഴുള്ള ജലദോഷം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ സിപിഎമ്മിന് കാൻസറാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് നിന്നാൽ കോൺഗ്രസ് തിരിച്ച് വരുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 

click me!