ചേർത്തല താലൂക്കിനെ നിയന്ത്രിത മേഖലയാക്കി കളക്ടർ ഉത്തരവിറക്കി

By Web TeamFirst Published Jul 11, 2020, 9:59 PM IST
Highlights

ചേർത്തല താലൂക്കിൽ അടിയന്തര നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഉത്തരവിൽ കളക്ടർ വ്യക്തമാക്കി. 
 

ആലപ്പുഴ: ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുകളും പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് പൂർണ നിയന്ത്രിത മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കളക്ടറുടെ നടപടി. ചേർത്തല താലൂക്കിൽ അടിയന്തര നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഉത്തരവിൽ കളക്ടർ വ്യക്തമാക്കി. 

ആലപ്പുഴയിൽ പൊതുവിൽ രോഗവ്യാപനത്തിന്‍റെ വേഗം കൂടുകയാണ്. 57 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഐടിബിപി ക്യാംപിൽ 55 പേർ രോഗബാധിതരായി. ചികിത്സക്കെത്തിയ ഗർഭിണിയിൽ നിന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെ 5 ആരോഗ്യപ്രവർത്തകർക്ക് രോഗം പകർന്നു. ചേർത്തല സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യയും ഇവരിലുണ്ട്.

പാർട്ടി യോഗത്തിൽ ഇദ്ദേഹത്തോടൊപ്പം പങ്കെടുത്ത ജില്ല നേതാക്കൾ ഉൾപ്പടെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. എറണാകുളത്തെ ക്ലസ്റ്ററുകളിലും രോഗവ്യാപനം ഉയരുന്നു. ആലുവക്കടുത്ത് കീഴ്മാട് ഒരു കുടുംബത്തിലെ 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടിൽ വിവാഹ ഉറപ്പിക്കൽ ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം പകർന്നത്. 
 

click me!