
ആലപ്പുഴ: ചെട്ടികുളങ്ങര കുഞ്ഞുമോൻ കൊലക്കേസിൽ സഹോദരനും കുടുംബത്തിനും ജീവപര്യന്തം തടവ്. സേവ്യർ, ഭാര്യ വിലാസിനി, മക്കളായ ഷൈബു, ഷിബു എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മാവേലിക്കര സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞുമോനെ സഹോദരൻ സേവ്യറും ഭാര്യയും മക്കളും ചേർന്ന് ചവിട്ടിയും ഇരുമ്പ് പൈപ്പിന് അടിച്ചും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. തടവിന് പുറമേ, പ്രതികൾക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.
മീൻ കച്ചവടം സംബന്ധിച്ച് കുഞ്ഞുമോനും സഹോദരന്‍ സേവ്യറും തമ്മില്‍ മാവേലിക്കര പത്തിയൂർ പാലത്തിന് സമീപം വച്ചുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കമുണ്ടായ അന്ന് രാത്രി കുഞ്ഞുമോനെ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചു. ഇരുമ്പ് കമ്പി, സൈക്കിൾ പമ്പ് എന്നിവ കൊണ്ട് ആക്രമിക്കുകയും നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. മകൻ ബിനുവിനേയും മർദ്ദിച്ചു. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന കുഞ്ഞുമോനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പ്രതികൾ സമ്മതിച്ചില്ല. പൊലീസിന്റെ സഹായത്തോടെയാണ് പിന്നീട് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതരയോടെ മരിച്ചു. സേവ്യറിന്‍റെ മകന്‍ അപ്പുണ്ണി എന്ന ഷൈബു ആണ് ഒന്നാം പ്രതി. സേവ്യർ, ഭാര്യ വിലാസിനി, രണ്ടാമത്തെ മകന്‍ ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍.