സിപിഎം ഓഫീസ് ഉള്‍പ്പെടെ പുറമ്പോക്ക് ഭൂമിയില്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് തഹസീൽദാർ

Published : Oct 14, 2022, 02:50 PM ISTUpdated : Oct 14, 2022, 02:51 PM IST
സിപിഎം ഓഫീസ് ഉള്‍പ്പെടെ പുറമ്പോക്ക് ഭൂമിയില്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് തഹസീൽദാർ

Synopsis

പുറമ്പോക്ക്  കൈയ്യേറിയവര്‍ക്ക് അനധികൃതമായി പട്ടയം അനുവദിച്ചെന്നും ഇത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തഹസീല്‍ദാര്‍ കോടതിയെ അറിയിച്ചു.


മൂന്നാർ: ഇക്കാനഗറിലെ സി പി എം പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത് ഉൾപ്പെടെയുളള 26.55 ഏക്കർ ഭൂമി പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കാണെന്ന് സ്പെഷ്യൽ തഹസീൽദാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചു. പുറമ്പോക്ക്  കൈയ്യേറിയവര്‍ക്ക് അനധികൃതമായി പട്ടയം അനുവദിച്ചെന്നും ഇത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തഹസീല്‍ദാര്‍ അറിയിച്ചു. ഇക്കാനഗർ സ്വദേശിയായ പി.ശരവണ കുമാർ ഇക്കാ നഗറിലുള്ള സർവേ നമ്പർ 62/9 -ൽ പ്പെട്ട രണ്ട് സെന്‍റ് ഭൂമിയ്ക്ക് പട്ടയമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നടന്ന വാദത്തിനിടയിലാണ് സ്പെഷ്യൽ തഹസീൽദാർ കെ.ബി.ഗീത ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കിയത്. 

സർവ്വേ നമ്പർ 62/9 -ൽ പ്പെട്ട ഭൂമിയിലെ പട്ടയങ്ങൾ സംബന്ധിച്ച് 2014 ൽ വിജിലൻസ് ഡിവൈഎസ്പി പി.എൻ.രമേശ് കുമാർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളും റവന്യൂ രേഖകളുമാണ് സ്പെഷ്യൽ തഹസീൽദാർ കോടതിയിൽ ഹാജരാക്കിയത്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് പ്രകാരം സർവേ നമ്പർ 62/9 -ൽപ്പെട്ട 26.55 ഏക്കർ പൊതുമരാമത്ത് ഭൂമിയിൽ കൈയ്യേറിയവർക്ക് പട്ടയം അനധികൃതമായാണ് നൽകിയതെന്നും പട്ടയം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണുള്ളത്. 

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പാർട്ടി ഓഫിസിന്‍റെ പേരിൽ എം.എം.മണിക്ക് ലഭിച്ചത് ഉൾപ്പെടെയുള്ള  13  പട്ടയ ഫയലുകളാണ് പരിശോധിച്ചത്. കൂടാതെ ഏഴ് ഫയലുകൾ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. വിജിലൻസിന്‍റെ ഈ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളാണ് ശരവണ കുമാറിന്‍റെ പട്ടയ അപേക്ഷ സംബന്ധിച്ച വാദത്തിനിടയിൽ സ്പെഷ്യൽ തഹസീൽദാർ ഹാജരാക്കിയത്. ശരവണ കുമാറിന്‍റെ കൈവശമുള്ള ഭൂമിയും പൊതുമരാമത്ത് ഭൂമിയാണെന്നും പട്ടയം നൽകാൻ കഴിയില്ലെന്നും തഹസീൽദാർ കോടതിയിൽ അറിയിച്ചു.

ഇക്കാനഗറിലെ വൈദ്യൂതി വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സർവ്വേ നമ്പർ 843 -ലെ 16.55 ഏക്കർ ഭൂമിയിലെ മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ ഒരു മാസം മുമ്പ് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി വി.സുബ്രമണ്യൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഇതിനിടയിലാണ് ഇക്കാനഗറിലെ ബാക്കിയുള്ള ഭൂമി പൊതുമരാമത്ത് പുറമ്പോക്കാണെന്ന് കാണിച്ച് സ്പെഷ്യൽ തഹസീൽദാർ കോടതിയിൽ രേഖകൾ ഹാജരാക്കിയത്. നിരവധി കുടുംബങ്ങളും സ്ഥാപനങ്ങളുമാണ് ഇക്കാനഗറിലെ സർവ്വേ നമ്പർ 62/9  ലുള്ള പുറമ്പോക്ക് ഭുമിയില്‍ ഇപ്പോഴുള്ളത്. 


കൂടുതല്‍ വായനയ്ക്ക്:  ഇടുക്കിയിൽ സ‍ര്‍ക്കാര്‍ ഭൂമി കൈയേറാൻ ബിജെപി നേതാവ് വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തി

കൂടുതല്‍ വായനയ്ക്ക്:  അടിമാലി മരംമുറി കേസ്; മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ കീഴടങ്ങി, അറസ്റ്റിൽ വ്യക്തത മൂന്ന് ദിവസത്തിനു ശേഷം

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ