
ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾ നിരപരാധികൾ ആണെന്ന് ആവർത്തിച്ചു കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികൾ. ആരും നിർബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെൺകുട്ടികൾ പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികൾ ഇക്കാര്യം വ്യക്തമാക്കിയത്.
5 വർഷമായി ക്രിസ്തു മതത്തിൽ വിശ്വസിക്കുകയാണ്. ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകൾക്കെതിരെ മൊഴികൊടുക്കാൻ നിർബന്ധിച്ചു. റെയിൽവെ സ്റ്റേഷനിൽ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് കേസിൽ മതപരിവർത്തനം ഉൾപ്പെടുത്തിയത്. ഛത്തീസ്ഗഡ് പൊലീസിനെതിരെയും ഗുരുതര ആരോപണമാണ് ആദിവാസി പെൺകുട്ടി ഉന്നയിച്ചത്. പൊലീസ് മൊഴിയിൽ പറയാത്ത കാര്യങ്ങൾ രേഖപ്പെടുത്തി എന്നും പെൺകുട്ടി പറഞ്ഞു.
അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെഷൻസ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എൽഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam