പക്ഷിപ്പനി: കോഴിക്കോട് നഗരത്തില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് വിലക്ക്

By Web TeamFirst Published Mar 7, 2020, 9:48 PM IST
Highlights

അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ മുഴുവൻ കോഴി ഫാമുകളും ചിക്കൻ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അലങ്കാര പക്ഷികളെ വിൽക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം. കോർപ്പറേഷൻ പരിധിയിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വിൽപ്പന നടത്തരുതെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു. അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്

കോഴിക്കോട് വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൊടിയത്തൂരിലെ കോഴി ഫാമില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം കോഴികള്‍ ചത്തതിനെത്തുടര്‍ന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് സാമ്പിള്‍ പരിശോധനയ്ക്കയച്ചത്. കണ്ണൂര്‍ റീജിയണല്‍ ലാബില്‍ നിന്നുളള ഫലത്തില്‍ പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഭോപ്പാലിലെ  ലാബില്‍ വീണ്ടും പരിശോധന നടത്തി രോഗം പക്ഷിപ്പനിയെന്ന് ഉറപ്പിച്ചു. 

രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ന്ന് നടപടികള്‍ക്ക് രൂപം നല്‍കി. രോഗം വ്യാപിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊല്ലാനാണ് തീരുമാനം. കോഴിക്കോട് കോര്‍പ്പറേഷന്‍, കൊടിയത്തൂര്‍, ചാത്തമംഗലം പ‍ഞ്ചായത്തുകളിലായി 12000ത്തിലധികം പക്ഷികളെയാണ് കൊല്ലേണ്ടി വരിക . ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനം നല്‍കിക്കഴിഞ്ഞു. 
Read More: പക്ഷിപ്പനി: കോഴിക്കോട് അതീവ ജാഗ്രത, 12,000 പക്ഷികളെ നാളെ കൊന്നു കത്തിക്കും...

 

click me!