
തിരുവനന്തപുരം: മുഖ്യമന്ത്രി അടക്കം മത്സരിച്ച 20 മന്ത്രിമാരിൽ 13 പേരും തോറ്റ ചരിത്രം കൂടി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനുണ്ട്. കാലങ്ങളായി കൈവശം വച്ചിരുന്ന മണ്ഡലങ്ങളിൽ പോലും ഇടത് നേതാക്കൾക്ക് കാലിറടറി. പത്ത് വർഷത്തെ ഭരണ മികവും മന്ത്രിമാരും എംഎൽഎമാരും കളത്തിലുമുണ്ടായിരുന്നു. ജയിച്ച് കയറാൻ ഇനിയെന്ത് വേണമെന്ന ആത്മവിശ്വാസത്തിന്‍റെ കടക്കലാണ് ജനം കത്തിവച്ചത്.
കാൽനൂറ്റാണ്ട് ജനപ്രതിനിധിയായി തുടർന്ന പത്തനാപുരത്ത് കെബി ഗണേഷിന് കാലിടറിയത് ജ്യോതികുമാർ ചാമക്കാലക്ക് മുന്നിലാണ്. ആറൻമുളയിലെ വോട്ടെണ്ണുമ്പോൾ ഒരു റൗണ്ടിൽ പോലും ആധിപത്യം ഉണ്ടായിരുന്നില്ല വീണ ജോർജ്ജിന്. അവിടെ അബിൻവർക്കി നേടിയത് അസാമാന്യജയമാണ്. ഏറ്റുമാനൂരിൽ വിഎൻ വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഏറ്റവാങ്ങിയത് വമ്പൻ പരാജയങ്ങളാണ്. ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ ബിന്ദു തോറ്റു. കടുത്ത മത്സരം അതിവീജിക്കുമെന്ന് വിശ്വസിച്ചിരുന്ന പി രാജീവിനും ഒടുവിൽ കളമശ്ശേരിയിൽ കാലിടറി. തിരിച്ച് പിടിച്ച തൃത്താലയിൽ എംബി രാജേഷ് പിന്നെയും വിടി ബൽരാമിനോട് തോറ്റു. മണ്ഡലം മാറി മത്സരിച്ച വി അബ്ദുഹ്മാൻ തിരൂരിൽ പരാജയപ്പെട്ടു.
എക്കാലവും എൻസിപിക്കൊപ്പം നിന്ന സിപിഎം കോട്ടയായ എലത്തൂരിൽ എകെ ശശീന്ദ്രൻ ഏറ്റുവാങ്ങിയതും കനത്ത തോൽവിയാണ്. മാനന്തവാടിയിൽ ഒ ആർ കേളു, കണ്ണൂർ കോട്ടയിൽ കടന്നപ്പള്ളി, ധർമ്മടത്ത് തോറ്റതിനൊക്കുമേ എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജയിച്ച് കയറിയത്. കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാൽ കഷ്ടിച്ച് കടന്ന് കൂടി. ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചു. ഒല്ലൂരിൽ കെ രാജനും ചേർത്തലയിൽ പി പ്രസാദും നെടുമങ്ങാട്ട് ജിആർ അനിലും ചെങ്ങന്നൂരിൽ സജി ചെറിയാനും ആശ്വാസ വിജയം നേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam