കണ്ണൂര്‍ പാര്‍ട്ടിക്ക് സംഭവിച്ചതെന്ത്? പിണറായിയും വിറച്ചു, ശൈലജയും വീണു, ഇനി തിരുത്തലിൻ്റെ കാലമോ?

Published : May 04, 2026, 06:20 PM IST
Kannur CPM Rebel Candidates 2026

Synopsis

59 വർഷത്തിന് ശേഷം രാജ്യത്ത് ഒരിടത്തും ഭരണമില്ലാത്ത പാർട്ടിയായി സിപിഎം മാറിയതിനൊപ്പം, കേരളത്തിലെ പാർട്ടിക്കോട്ടയായ കണ്ണൂരിലും വലിയ തകർച്ച നേരിടുകയാണ്. നേതാക്കൾ തമ്മിലുള്ള ഭിന്നതയും അണികളിലെ അവിശ്വാസവുമാണ് തളിപ്പറമ്പ്, പയ്യന്നൂർ പോലുള്ള കോട്ടകളിൽ പോലും തിരിച്ചടിയുണ്ടാകാൻ കാരണം.

59 വർഷത്തിനുശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. കേരളത്തിലെ പാർട്ടി കോട്ടയായ കണ്ണൂരിലെ തകർച്ചയാണ് എല്ലാവരേയും ഞെട്ടിക്കുന്നത്. കണ്ണൂരിലെ സിപിഎം കോട്ടകൾ കൈവിടുന്ന കാഴ്ചയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. ഭരണവിരുദ്ധ വികാരം അടക്കമുള്ള ഘടകങ്ങൾ മറ്റു മണ്ഡലങ്ങളിലെ തോൽവിക്ക് കാരണമായെങ്കിൽ ജില്ലയിലെ കനത്ത തോൽവിക്ക് കാരണമാകുന്നത് പാർട്ടിയിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരു വിഭാ​ഗം ആളുകളാണെന്നതാണ് യാഥാർഥ്യം.

തളിപ്പറമ്പിലും പയ്യന്നൂരിലും അപ്രതീക്ഷിത തിരിച്ചടിയാണ് സിപിഎമ്മിന് ലഭിച്ചത്. സർക്കാർ മാറി നിൽക്കട്ടെയെന്ന് പാർട്ടി വിശ്വാസികൾ തന്നെ തീരുമാനിച്ചതോടെ ധർമ്മടത്ത് പിണറായി വിജയൻ തന്നെ വിറക്കേണ്ടി വന്ന സ്ഥിതിയാണുള്ളത്. നേതാക്കൾ തമ്മിലെ ഭിന്നത, അതുവഴിയുണ്ടായ ആരോപണങ്ങൾ, അണികൾക്കിടയിൽ വ്യാപകമായ അവിശ്വാസം എന്നിവയെല്ലാം കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടിയായി മാറുകയായിരുന്നു.

നേതാക്കൾ തമ്മിൽ അകൽച്ച

പ്രഥമദൃഷ്ട്യാ ഒരുമിച്ചാണെങ്കിലും കണ്ണൂരിലെ പല പാർട്ടി നേതാക്കളും അകൽച്ചയിലാണെന്നുവേണം കരുതാൻ. അതിന് ഉദാഹരണമാണ് തളിപ്പറമ്പിലെ ടികെ ​ഗോവിന്ദൻ മാസ്റ്ററുടെ വാർത്താ സമ്മേളനം. പി ജയരാജനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ പുറത്തു പോകണ്ടെന്നോ അകത്ത് നിൽക്കണമെന്നോ പറഞ്ഞില്ലെന്നാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അണികളെയും നേതൃത്വത്തെയും കൂട്ടിയിണക്കുന്ന കോടിയേരിയെന്ന നേതാവിന്റെ അഭാവം പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് അണികളിൽ പലരുടേയും അഭിപ്രായം.

പാർട്ടി കേന്ദ്രങ്ങളിൽ വിള്ളൽ‌

പയ്യന്നൂരും തളിപ്പറമ്പും മാത്രമല്ല, ധർമടത്തും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ, അവിശ്വസനീയമായ തിരിച്ചടിയാണ് പിണറായി വിജയൻ നേരിട്ടത്. കെകെ ശൈലജ മത്സരിച്ച പേരാവൂർ, ഉറച്ച കോട്ടയായ മട്ടന്നൂർ എന്നിവിടങ്ങളിലും ആദ്യ ഘട്ട വോട്ടെണ്ണലിൽ സിപിഎം കൂപ്പുകുത്തുന്ന അവസ്ഥയുണ്ടായി. പാർട്ടി നിലപാടുകളെ ജനം തള്ളിയതിന്റെ വലിയ ഉദാഹരണമാണ് തളിപ്പറമ്പിലേത്. വിപുലമായ സംഘടനാ സംവിധാനമുള്ള തളിപ്പറമ്പിൽ ഒന്നും സംഭവിക്കില്ലെന്ന നേതൃത്വത്തിന്റെ വിലയിരുത്തൽ തെറ്റുകയായിരുന്നു. ജനങ്ങളും പാർട്ടിയിലെ ഒരു വിഭാ​ഗവും ടികെ ​ഗോവിന്ദനൊപ്പം നിന്നു.

പയ്യന്നൂരിൽ സംഭവിച്ചതും ഇത് തന്നെയായിരുന്നു. ടിഐ മധുസൂദനനെതിരെ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മുൻ സിപിഎം പയ്യന്നൂർ‌ ഏരിയ സെക്രട്ടറി പാർട്ടിയിൽനിന്നും ഇറങ്ങി പോയത്. തെളിവുകൾ നിരത്തിയിട്ടും പാർട്ടി നേതൃത്വം മധുസൂദനനൊപ്പമായിരുന്നു. സംഘടനാ സംവിധാനത്തിലുള്ള വിശ്വാസം അവിടെയും പിഴച്ചു. എന്നാൽ രണ്ട് വിമത സ്ഥാനാർഥികളും പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ചു. രണ്ട് മണ്ഡലങ്ങളിലും ജനങ്ങൾ അവരോടൊപ്പം നിന്നു. കണ്ണൂരിലെ ഈ അവസ്ഥയ്ക്ക് കാരണം സിപിഎം ജില്ല നേതൃത്വമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരാൻ തുടങ്ങി. പാർട്ടി തെറ്റ് തിരുത്തേണ്ട സമയമായെന്നാണ് കമൻ്റുകൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ട് പതിറ്റാണ്ടിനിപ്പുറം പൊന്നാനി തിരിച്ചുപിടിച്ച് യുഡിഎഫ്; നൗഷാദ് അലിയുടെ വിജയം 13,000 വോട്ടിന്
'ആരോഗ്യ'ത്തിൽ തിരിച്ചടി: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്‌ത മൂന്ന് പേരും ഇക്കുറി തോറ്റു; വിഎസ് ശിവകുമാറിന് മൂന്നാം പരാജയം