
പാലക്കാട്: മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ട കാര്യമായി തോന്നിയത് ഒരാളുടെ കോൺഗ്രസിലേക്കുള്ള മാറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണ്. സന്ദീപ് വാര്യര്‍ പാണക്കാട് പോകുന്നു എന്ന് വാർത്ത കണ്ടു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് ആണ് ഓർമ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ സരിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് പിണറായിയുടെ പ്രതികരണം.
ബാബരി മസ്ജിദ് തകർത്ത ശേഷമുള്ള തെരഞ്ഞെടുപ്പ് ഓര്‍മ വരികയാണ്. ബാബരി മസ്ജിദ് തകർത്തത് ആർഎസ്എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണ്. ഇതിന് എല്ലാ ഒത്താശയും ചെയ്തത് കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള കേന്ദ്ര ഗവൺമെന്റായിരുന്നു. കൂട്ട് നിന്ന കോൺഗ്രസിനെതിരായി വികാരം ഉണ്ടായി. ഇവിടെ വലിയ അമർഷം ലീഗിന് ഉണ്ടായി. പക്ഷേ മന്ത്രി സ്ഥാനം വിട്ടുള്ള ഒരു കളിക്കും തത്കാലം പോകണ്ടാന്നു തീരുമാനിച്ചു. ബാബരി മസ്ജിദ് തകർത്ത കോൺഗ്രസിന് ഒപ്പം നിന്നു. അന്നത്തെ തങ്ങൾ ലീഗ് അണികളെ തണുപ്പിക്കാൻ വന്നു. തങ്ങൾ വന്നാൽ ഓടി കൂടുന്ന ലീഗുകാർ ഇല്ല. ഇത്ര വലിയ പ്രതിഷേധം ഉണ്ടായത് ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ്.
പാലക്കാട് ഉള്ള ലീഗ് അണികളും മത ന്യൂനപക്ഷ ആളുകളും ഇന്നലെ വരെ ഇദ്ദേഹം സ്വീകരിച്ച നിലപാട് അറിയാവുന്നവരാണ്. പാണക്കാട് പോയി സംസാരിച്ചത് അത് തീർക്കാൻ വേണ്ടിയാണ്. കോൺഗ്രസ് ചെയ്യുന്ന നിലപാട് എതിർക്കാൻ ലീഗിന് കഴിയുന്നില്ല. സന്ദീപ് എന്തായിരുന്നു എന്ന് ലീഗ് അണികൾക്കും അറിയാമല്ലോ. അവരിൽ എല്ലാമുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാട് പോയി വർത്തമാനം പറഞ്ഞാൽ തീരുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇപി ജയരാജൻ എഴുതിയ പുസ്തകത്തിലെ വിവരങ്ങൾ എന്നതരത്തിൽ പുറത്ത് വന്നു. രചയിതാവ് അറിയാതെ പുസ്തകം പ്രകാശനം ചെയ്യുമോ. പുസ്തകം എഴുതുന്നത് സരിനെ തീരുമാനിക്കും മുമ്പ് ആണ്. ജയരാജൻ തന്നെ പരസ്യമായി വിശദീകരിച്ചു. ഞങ്ങൾക്ക് സിപിഎമ്മിന് അപ്പോഴേ കാര്യങ്ങൾ മനസ്സിലായി. മറ്റൊന്നും പറയാനില്ലാത്തതിനാൽ ഇതൊക്കെ ഒരു തരം വെപ്രാളത്തിൽ നിന്ന് വരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ കേന്ദ്രത്തിൽ നിന്ന് സഹായം ലഭിച്ചില്ല. കേരളത്തെ നോക്കി എല്ലാവരും സഹതപിച്ചു. സഹായിക്കേണ്ടിയിരുന്നത് കേന്ദ്രം. സഹായിക്കുന്നവരെ പോലും മുടക്കി. ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണ്. കേരളത്തിന്റെ കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചു. സാമ്പത്തികമായി ശ്വാസം മുട്ടിച്ചു. വയനാട് ദുരന്തത്തിൽ സഹായം ലഭിച്ചില്ല. പ്രധാനമന്ത്രി ഓടിയെത്തി. ആശുപത്രിയിൽ എത്തി കുഞ്ഞിനെ ലാളിക്കുന്ന ചിത്രം ലോകം മൊത്തം പ്രചരിച്ചു. ആ അമ്മ കുഞ്ഞിനെ മടിയിൽ ഇരുത്തി എന്തുകൊണ്ട് ഇങ്ങനെ ഒരു നിലപാട് എന്ന് ചോദിക്കുന്നത് പത്രത്തിൽ കണ്ടു. എന്തുകൊണ്ടാണ് കേരളത്തോട് ഇങ്ങനെ ഒരു നിലപാടെന്നും മുഖ്യമന്ത്രി ചോദിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam