കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം, ഫയൽ അദാലത്തിനുള്ള ക്രമീകരണം ഉടൻ പൂര്‍ത്തിയാക്കാൻ നി‍‍ര്‍ദേശം

Published : Jun 27, 2025, 02:49 PM IST
CM Pinarayi Vijayan

Synopsis

സെക്രട്ടേറിയറ്റിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം

തിരുവനന്തപുരം: അടുത്ത മാസം ഒന്നു മുതൽ ആഗസ്ത് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്‍റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി. അദാലത്തിന് വകുപ്പ് സെക്രട്ടറിമാര്‍ നേരിട്ട് മേൽനോട്ടം വഹിക്കണം. ഫയലുകള്‍ സാങ്കേതികമായി തീര്‍പ്പാക്കരുത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.

സെക്രട്ടേറിയറ്റിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം. ഇത്തരത്തിൽ കൂടുതൽ ഫയലുകള്‍ ധനകാര്യ വകുപ്പിലാണുണ്ടാവുകയെന്നും വകുപ്പ് സെക്രട്ടറി പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയൽ അദാലത്ത് നടത്തുന്നത്. ഉദ്യോഗസ്ഥര്‍ക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മൂന്ന് തലത്തിൽ ഫയല്‍ തീര്‍പ്പാക്കണം

സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിൽ ഫയൽ തീർപ്പാക്കാനാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. സെക്രട്ടേറിയറ്റിൽ സെക്രട്ടറി തലത്തിൽ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്മാരുടെയും സ്ഥാപനങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ച് കൃത്യമായ നിർദ്ദേശങ്ങളും കർമ്മപദ്ധതിയും വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിമാരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെട്ട സെക്ഷനുകൾ ഉൾപ്പെടെ ഇടവേളകളിൽ സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകണം. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുൻഗണനാക്രമം നിശ്ചയിച്ച് അദാലത്ത് സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ അടിയന്തരമായി ആരംഭിക്കണം.

 

സെക്രട്ടറിമാര്‍ നേരിട്ട് മേൽനോട്ടം വഹിക്കണം

ഫയൽ അദാലത്തിന് സെക്രട്ടറിമാർ നേരിട്ട് മേൽ നോട്ടം വഹിക്കണം. പരമാവധി ഫയലുകൾ ഇക്കാലയളവിൽ തീർപ്പാക്കാൻ കഴിയണം. അതിനുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് തീർപ്പാക്കൽ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തണം. സാങ്കേതികമായി തീർപ്പാക്കാതെ ഫയലിലെ ആവശ്യം തീർപ്പാക്കാനാകണം. ഡയറക്ടറേറ്റുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും ഫയൽ അദാലത്തിന്‍റെ മേൽനോട്ടവും സെക്രട്ടറി തലത്തിൽ നടക്കണം. അദാലത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അദാലത്തിന്‍റെ പുരോഗതി കൃത്യമായ ഇടവേളകളിൽ സെക്രട്ടറിമാർ പരിശോധിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതുമാണ്. ഓരോ വകുപ്പിലും ഫയൽ തീർപ്പാക്കാൻ ഉചിതമായ നടപടികൾ സെക്രട്ടറി തലത്തിൽ പ്രത്യേകമായി തയ്യാറാക്കി നൽകേണ്ടതാണ്.

കാലതാമസം ഒഴിവാക്കുന്നതിനായി മാര്‍ഗനിര്‍ദേശം

സെക്രട്ടേറിയറ്റിനുള്ളിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കുന്നതിനായി ഒരു മാർഗനിർദ്ദേശം ചീഫ് സെക്രട്ടറി തലത്തിൽ പുറപ്പെടുവിക്കണം. മാസങ്ങളും വർഷങ്ങളുമായി മറ്റു വകുപ്പുകളിൽ അഭിപ്രായം കാത്ത് കിടക്കുന്ന ഫയലുകളുണ്ട്. ഇത്തരം ഫയലുകളിലുള്ള അന്തിമ അഭിപ്രായം 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണം. ഇതിൽ ഏറ്റവും കൂടുതൽ ഫയലുകൾ ധനകാര്യവകുപ്പിലാണ് ഉണ്ടാവുക. ധനകാര്യവകുപ്പ് സെക്രട്ടറി ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. ആവശ്യമെങ്കിൽ ഓരോ ഭരണ വകുപ്പും ധനകാര്യവകുപ്പിന് നൽകിയിട്ടുള്ള ഫയലുകളിൽ തീരുമാനത്തിനായി ധനകാര്യ വകുപ്പുമായി ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നതും പരിഗണിക്കണം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി മേൽനോട്ടം വഹിക്കണം.

സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി അദാലത്തിന്‍റെ പുരോഗതി വിലയിരുത്തണം. സെക്രട്ടേറിയറ്റിൽ ഫയൽ ചുമതല വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സെക്രട്ടറിമാർ നൽകണം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടവും ഉണ്ടാകണം. ഫയൽ തീർപ്പാക്കൽ കാര്യക്ഷമമാക്കാനും വിവരങ്ങൾ ശേഖരിക്കാനും ഐ.ടി വകുപ്പുമായി കൂടിയാലോചിച്ച് ഒരു പോർട്ടൽ സംവിധാനം ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. മന്ത്രിമാരും മന്ത്രിസഭയും ഇതിൻ്റെ പുരോഗതി ഇടവേളകളിൽ വിലയിരുത്തും. ഫയല്‍ അദാലത്ത് പൂര്‍ത്തിയായ ശേഷം വകുപ്പ് തലത്തില്‍ നടത്തിയ പ്രവര്‍ത്തനം വിലയിരുത്താന്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി