
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് തിങ്കളാഴ്ച 12 വയസ്സ് തികയുന്നു. വാര്‍ഷികദിനാചരണം വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവയുടെ ഫെയ്സ് ബുക്ക്, യുട്യൂബ് പേജുകളിലൂടെ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. ആഗസ്റ്റ് രണ്ട് മുതല്‍ ഏഴ് വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെമ്പാടും വിവിധ പരിപാടികളാണ് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ 8.45 ന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയര്‍ത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. ഇതേസമയം തന്നെ എല്ലാ ജില്ലകളിലും പതാക ഉയര്‍ത്തലും ഗാര്‍ഡ് ഓഫ് ഓണറും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് ഏഴുമണിക്ക് ഓണ്‍ലൈനില്‍ നടക്കുന്ന വാര്‍ഷിക ഉദ്ഘാടനച്ചടങ്ങില്‍ അരലക്ഷം സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനാകും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വിവിധ വകുപ്പ് മേധാവികള്‍ വിവിധ വിഷയങ്ങളെ അധികരിച്ച് എസ്.പി.സി ദിന സന്ദേശം നല്‍കും. "ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനത്തില്‍ യുവാക്കളുടെ പങ്ക്'' എന്ന വിഷയത്തില്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും "അനാരോഗ്യകരമായ ആസക്തികള്‍ക്കെതിരെ എസ്.പി.സി'' എന്ന വിഷയത്തില്‍ എക്സൈസ് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണനും സന്ദേശം നല്‍കും.
"സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ മാറ്റങ്ങളുടെ നേതാവ്'' എന്ന വിഷയത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും "കൊറോണ പ്രതിരോധവും എസ്.പി.സിയും'' എന്ന വിഷയത്തില്‍ എ.ഡി.ജി.പി വിജയ് സാഖറെയുമാണ് സന്ദേശം നല്‍കുക. "പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി'' എന്ന വിഷയത്തില്‍ പട്ടികജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍ സംസാരിക്കും. നിലവിൽ സംസ്ഥാനത്ത് 803 സ്കൂളുകളിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നിലവിൽ ഉള്ളത്. സർക്കാരിന്റെ 100 ദിവസത്തെ കർമ്മപരിപാടിയിൽ പെടുത്തി 197 സ്കൂളുകളിലേയ്ക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ഉള്ള ശ്രമം അവസാനഘട്ടത്തിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam