തൃശ്ശൂര്‍ ഇനി 'കല'സ്ഥാനം; 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു, കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി

Published : Jan 14, 2026, 11:13 AM ISTUpdated : Jan 14, 2026, 11:22 AM IST
School Kalolsavam 2026

Synopsis

തൃശ്ശൂരില്‍ 64ാമത് കേരള സ്കൂൾ കലോത്സവം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.

ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ധർമമെന്നും പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചുണർത്തൽ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു. ഓരോ കാലത്തും മികച്ച കലാകാരന്മാർ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാർ ഉണ്ടായിട്ടുണ്ടെന്നും കഥകളി സംഗീതജ്ഞൻ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തൻ്റേത് അല്ലാത്ത കാരണത്താൽ മറ്റൊരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുത്. കലയാണ് അവരുടെ മതം. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്കരനും ക്രൈസ്തവ ഭക്തി ഗാനങ്ങൾ അവതരിപ്പിച്ചത് വയലാറുമാണ്. ക്രിസ്മസ് കരോളിന് എതിരെ പോലും ആക്രമണം നടത്തുന്നത് കണ്ടു. ചിലയിടങ്ങളിൽ അവധിയും എടുത്തു കളഞ്ഞു. സിനിമയിൽ കഥാപാത്രങ്ങൾക്ക് രാമനെന്നും സീതയെന്നും പേരിടുന്നത് പോലും പ്രശ്നമായി. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു മത്സരവും ആരുടെയും ആത്യന്തികമായ ഉരക്കല്ലല്ല. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണമെന്നും ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളം നടന്നു. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശനം; നിലപാട് വ്യക്തമാക്കി സണ്ണി ജോസഫും കെസി വേണുഗോപാലും, 'ഇതുവരെ അവർ താൽപര്യം അറിയിച്ചിട്ടില്ല'
'ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസ് നേതൃത്വം നിയന്ത്രിക്കണം'; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി