കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് ഫോണുകളും പണവും സ്വര്‍ണവും അപഹരിച്ച കേസില്‍ എട്ടുപേര്‍ പിടിയില്‍. മുന്‍ ജീവനക്കാരി ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്.ബെംഗളൂരു, കോയമ്പത്തൂര്‍ സ്വദേശികളാണ് പിടിയിലായത്.

തൃശൂര്‍: കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് ഫോണുകളും പണവും സ്വര്‍ണവും അപഹരിച്ച കേസില്‍ എട്ടുപേര്‍ പിടിയില്‍. മുന്‍ ജീവനക്കാരി ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറില്‍ എത്തിയ മൂന്നു യുവതികളും രണ്ട് ട്രാന്‍സ്‍ജെൻഡര്‍മാരും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം സ്പാ നടത്തിപ്പുകാരിയുടെ വീട്ടിലെത്തിയത്. ബെംഗളൂരു, കോയമ്പത്തൂര്‍ സ്വദേശികളായിരുന്നു സംഘാംഗങ്ങള്‍. സംഘത്തിലൊരാള്‍ ഒരു മാസം മുമ്പ് സ്പായില്‍ ജോലി ചെയ്തിരുന്നു. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്‍റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയ്യിലുണ്ടെന്ന് കര്‍ണാടക സ്വദേശിനിയായ യുവതിക്ക് മനസ്സിലാക്കുന്നത്. തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തിയത്. 

കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിലും ബൈക്കിലുമായാണ് സംഘം എത്തിയത്. സ്പാ നടത്തിപ്പുകാരിയുടെ വീടിന് സമീപം കാത്തു കിടന്ന സംഘം രാത്രി പന്ത്രണ്ടരയോടെ വീട്ടില്‍ കയറി. സ്പാ നടത്തിപ്പുകാരിയും മറ്റു മൂന്നു യുവതികളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇവരെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണം കവര്‍ന്നു. ഗൂഗിള്‍ പേ ആയി 20000 രൂപയും അയപ്പിച്ചു. സംഘം മടങ്ങിയതിന് പിന്നാലെ സ്പാ നടത്തിപ്പുകാരി പൊലീസിനെ വിവരമറിയിച്ചു. ഇവര്‍ നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സംഘം ദേശീയ പാതയില്‍ പട്ടികാടിന് സമീപത്തുവച്ച് പ്രതികളെ പിടികൂടി. സ്പാ നടത്തിപ്പിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.