പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മാസ്കില്ലാതെ പൊലീസുകാർ; ന്യായീകരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 22, 2021, 7:06 PM IST
Highlights

 ഡിജിപി ഉൾപ്പടെയുള്ള പൊലീസുകാർ മാസ്കില്ലാതെ ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

തിരുവനന്തപുരം: ​ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് പൊലീസുകാർ മാസ്ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം പാലിച്ചായിരിക്കും അവർ ഇരുന്നതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഡിജിപി ഉൾപ്പടെയുള്ള പൊലീസുകാർ മാസ്കില്ലാതെ ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

ഞാനിപ്പോ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ. ആ മാസ്ക് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാ. ഞാനിവിടെ തനിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രമാണ്. മറ്റാരുമായും ഇപ്പോ ഒരു സമ്പർക്കം ഉണ്ടാകുന്നില്ല. എന്റെ വീട്ടിൽ എന്റെ റൂമിൽ ഇരുന്നുകൊണ്ടാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതുപോലെ അവിടെ സംസാരിച്ച ഡിജിപി അടക്കമുള്ളവര് അവിടെയുള്ള മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാ​ഗമായിട്ടായിരിക്കാം ഈ മാസ്ക് ഇടാത്ത നില വന്നത്. അദ്ദേഹത്തെയും അതുപോലെയുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെയുമെല്ലാം നിരന്തരം മാസ്ക് ഇട്ടുകൊണ്ട് നമ്മള് കാണുന്നതുമാണല്ലോ. അതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക- മുഖ്യമന്ത്രി പറഞ്ഞു.  

click me!