
യുഎഇ: മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) യുഎഇ (UAE) സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോധ്യപ്പെടുത്തി. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി സംസ്ഥാനം എല്ലാവിധ പിന്തുണയും നൽകുമെന്നും ഉറപ്പ് നൽകി.
മലയാളികളുടെ രണ്ടാം വീടായ യുഎഇയുമായി കേരളത്തിന് ചരിത്രപരമായ ബന്ധമാണുള്ളതെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വാണിജ്യ വ്യവസായ മേഖലകളിൽ യുഎഇ ആവിഷ്കരിച്ച നൂതന പദ്ധതികളെ മുഖ്യമന്ത്രി പ്രശംസിച്ചു. നൂറ് ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ദീര്‍ഘകാല വിസ, ചെക്ക് ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതിയുമൊക്കെ മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് ഏറെ ഉപകാരപ്രദമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പ്രതികരിച്ചു. രാജ്യത്ത് പുതുതായി രണ്ട് ലക്ഷത്തോളം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാൻഷ്യൽ സിറ്റിയിലെ സാമ്പത്തിക കാര്യമന്ത്രാലയ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീര്‍, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി, മിർ മുഹമ്മദ് ഐഎഎസ് ഉൾപ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam