ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published Sep 7, 2022, 11:11 PM IST
Highlights

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്നാണ്  ഓണ സങ്കല്‍പ്പം എന്നും അത്  പ്രാവർത്തികമാകുന്ന വരും കാലത്തിലേക്കുള്ള ഊർജം പകരുന്ന ചിന്തയാണിതെന്നും മുഖ്യമന്ത്രി ഓണാശംസയിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പിങ്ങനെ..

ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്.  ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കല്‍പ്പം നമ്മോടു പറയുന്നു. 

വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക്  ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂര്‍ണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം  ആശംസിക്കുന്നു.

Read more: ഭിന്നശേഷിക്കാരനായ കൈലാസ് നാഥിന്റെ വീട്ടിലേക്ക് ഓണസമ്മാനങ്ങളുമായി 'ഓണച്ചങ്ങാതിമാർ'

അതേസമയം, കേരള സർക്കാരിന്‍റെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികൾക്ക് ഇന്നലെ ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം കനകക്കുന്നിൽ ടൂറിസം വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായി. ഇരുവരും മുഖ്യമന്ത്രി നൽകിയ സ്നേഹോപഹാരം ഏറ്റുവാങ്ങി.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തോടെയായിരുന്നു ടൂറിസം വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ അരങ്ങുണർന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, അപർണ ബാലമുരളി എന്നിവരും സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടി.

click me!