
ആലപ്പുഴ: യുവനടിയുടെ ലൈംഗിക പീഡന പരാതിയിലെ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രഞ്ജിത്തിനെതിരെയുള്ള പരാതി സംബന്ധിച്ച് കൃത്യമായി അറിയില്ലെന്നും നിലവിൽ സ്വീകരിച്ച നടപടികളെ പറ്റി ആക്ഷേപങ്ങൾ ഒന്നുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി അറിയുന്ന ആളല്ല താനിപ്പോൾ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാൽ അതിന്റെ രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. എന്താണ് രഞ്ജിത്തിനെതിരെയുള്ള പരാതി എന്നുള്ളത് സംബന്ധിച്ച് കൃത്യമായി അറിയില്ല. നിങ്ങളെപ്പോലെ തന്നെ മാത്രമേ ഞാനും അറിഞ്ഞിട്ടുള്ളൂ. നിലവിൽ സ്വീകരിച്ച നടപടികളെ പറ്റി ആക്ഷേപങ്ങൾ ഒന്നുമില്ലെന്നും നല്ല നിലക്കാണ് കാര്യങ്ങളെന്നുമാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
നേരത്തെ സമാനമായ രണ്ടു കേസുകൾ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ൽ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. 2012ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു. 'ബാവുട്ടിയുടെ നാമത്തിൽ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നുമായിരുന്നു യുവാവ് മൊഴി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam