'സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റില്ല, മന്ത്രിമാര്‍ ആരൊക്കെയെന്ന് ഞങ്ങള്‍‌ ആലോചിച്ചിട്ടേയില്ല'; പിണറായി

By Web TeamFirst Published May 15, 2021, 7:39 PM IST
Highlights

മന്ത്രിമാരെക്കുറിച്ച് പുറത്തു വരുന്ന പേരുകള്‍ ശരിയാണോ എന്ന ചോദ്യത്തിന് നിങ്ങളുടെ അവസരം കളയണ്ടാ, പരമാവധി സാധ്യതകള്‍ പറഞ്ഞോളൂ എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരമടക്കം നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഇന്നത്തെ കാലത്തിന്‍റെ പ്രത്യേകത അനുസരിച്ച് പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് പിണറായി വ്യക്തമാക്കി. അത് ആ നിലയ്ക്ക് തന്നെ നടത്തും, വളരെ കുറച്ച് ആളുകളെ ഉണ്ടാകു. അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. 

മന്ത്രിമാരെക്കുറിച്ച് പുറത്തു വരുന്ന പേരുകള്‍ ശരിയാണോ എന്ന ചോദ്യത്തിന് നിങ്ങളുടെ അവസരം കളയണ്ടാ, പരമാവധി സാധ്യതകള്‍ പറഞ്ഞോളൂ എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി. ഞങ്ങള്‍ ആലോചിക്കാത്ത കാര്യത്തെക്കുറിച്ച് എന്ത് പറയാനാണ്,  ഞങ്ങളതിനെക്കുറിച്ച് ആലോചിക്കാന്‍ പോകുന്നതെ ഒള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞ. മാധ്യമങ്ങള്‍ പറയുന്ന പേരുകള്‍  ശരിയായി വരുന്നുണ്ടോ എന്ന ചോദ്യത്തിന് അത് മന്ത്രിമാര്‍ വരുമ്പോള്‍ കാണാമല്ലോ,  അവസാനം നമ്മുടെ തീരുമാനം പറയുമ്പോള്‍ നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നോ അല്ലെയോ എന്ന് അറിയാമെന്നും പിണറായി പറഞ്ഞു. 

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!