Latest Videos

സർക്കാർ വാഹന ദുരുപയോഗം; മുഖ്യമന്ത്രിയുടെ ഒഎസ്‍ഡി ആർ മോഹന്‍റെ വാഹന ദുരുപയോഗത്തിന്‍റെ രേഖകൾ പുറത്ത്

By Web TeamFirst Published Nov 19, 2022, 7:36 AM IST
Highlights

ഒരു രൂപ പോലും സർക്കാരിന് അടക്കാതെയാണ് 2021 മെയ് മുതൽ ഈ വർഷം സെപ്റ്റംബർ പകുതി വരെ സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്നോവ വാഹനം ഉപയോഗിച്ചത്. ആർ. മോഹന്‍റെ അധ്യാപികയായ ഭാര്യ പൂർണിമാ മോഹന് യാത്രകൾക്ക് കാര്‍ വിട്ടുനൽകിയ ദിവസങ്ങളിലും ലോഗ്ബുക്കിൽ കള്ളക്കണക്കുകളാണ് ഉള്ളത്.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹൻ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്‍റെ രേഖകൾ പുറത്ത്. ഒരു രൂപ പോലും സർക്കാരിന് അടക്കാതെയാണ് 2021 മെയ് മുതൽ ഈ വർഷം സെപ്റ്റംബർ പകുതി വരെ സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്നോവ വാഹനം ഉപയോഗിച്ചത്. ആർ. മോഹന്‍റെ അധ്യാപികയായ ഭാര്യ പൂർണിമാ മോഹന് യാത്രകൾക്ക് കാര്‍ വിട്ടുനൽകിയ ദിവസങ്ങളിലും ലോഗ്ബുക്കിൽ കള്ളക്കണക്കുകളാണ് ഉള്ളത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം...

മുഖ്യമന്ത്രിയുടെ ഒഎസ്ഡിക്ക് സർക്കാർ വണ്ടി കുടുംബ വണ്ടിയാക്കാൻ പ്രത്യേക പരിഗണയുണ്ടോ? ഇത്രകാലം എത്ര കിലോ മീറ്ററിന് എത്ര പണം സർക്കാരിൽ അടച്ചു. വ്യക്തമാക്കുമോ? രണ്ട് മാസം മുമ്പ് ഈ ചോദ്യങ്ങൾ ഉയർത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോർട്ട് അവസാനിപ്പിച്ചത്. ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായ വിവരാവകാശ രേഖകളാണ് ഇപ്പോല്‍ പുറത്ത് വന്നിരിക്കുന്നത്. സർക്കാർ വണ്ടി കുടുംബ വണ്ടിയാക്കാൻ ഒഎസ്ഡിക്ക് അനുമതിയില്ല. ഭാര്യക്ക് വേണ്ടി ഔദ്യോഗിക വാഹനം വിട്ട് നൽകിയതിൽ സർക്കാരിൽ പണമടച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖ. 

മുഖ്യമന്ത്രിയുടെ ഒഎസ്‍ഡിക്ക് വട്ടിയൂർക്കാവിലെ വീട്ടിൽ നിന്നും സെക്രട്ടറിയേറ്റിലെ ഓഫീസിലെക്ക് വന്ന് തിരികെ പോകാനുള്ള ദൂരം 17 കിലോ മീറ്റർ. ഗാരെജിൽ പോയി വരാൻ ദിവസം ഓടേണ്ടി വരുക 16 കിലോമീറ്റർ. 35 കിലോമീറ്റർ ശരാശരി ഓടേണ്ട വാഹനം മിക്ക ദിവസങ്ങളിലും 80 കിലോ മീറ്ററിലേറെയാണ് ഓടിയത്. KL 01 BF 4444 ഇന്നോവ വാഹനം 100 കിലോ മീറ്റർ പിന്നിട്ട ദിവസങ്ങളുമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് പരമാവധി ഉപോയോഗിച്ചാൽ പോലും മാസം ആയിരം കിലോ മീറ്റർ. എന്നാല്‍, ശരിക്കുമുളള വാഹനം ഉപയോഗം ഇങ്ങനെയാണ്...

2022 ഏപ്രിൽ മാസം - 2121 കിലോ മീറ്റർ
മെയ് മാസം - 1694 കിലോ മീറ്റർ
ജൂണ്‍ മാസം - 2268 കിലോ മീറ്റർ
ജൂലൈ മാസം - 2387 കിലോ മീറ്റർ
ആഗസ്റ്റ് മാസം - 1701 കിലോ മീറ്റർ

വഞ്ചിയൂർ സംസ്കൃതം സെന്‍ററിൽ അധ്യാപികയായ പ്രൊഫ പൂർണിമാ മോഹൻ വാഹനം ഉപയോഗിച്ചു എന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയ ദിവസങ്ങളിൽ പ്രൈവറ്റ് ഉപയോഗം പ്രത്യേകം കുറിച്ചിട്ടില്ല. ലോക്കൽ ട്രിപ്സ് എന്ന് പലയിടത്തും പരാമർശമുണ്ട്. ഭാര്യക്ക് വേണ്ടിയുള്ള ഉപയോഗമാണോ ഈ ലോക്കൽ ട്രിപ്സ് എന്നതാണ് ഉയരുന്ന ചോദ്യം. 

Also Read: ഡോ.പൂർണിമാ മോഹൻ്റെ സർക്കാർ വാഹന ഉപയോഗം: പരിശോധിക്കുമെന്ന് ഗവർണർ, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

2021 മെയ് മാസം മുതൽ 2022 സെപ്റ്റംബർ അവസാനം  വരെ സ്വകാര്യ ഉപയോഗത്തിന് പണമടച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പണം അടച്ചു എന്നാണ് വിവരാവകാശ രേഖ. എന്നാൽ ഒരു ദിവസം മാത്രമാണ് പണമടച്ചത്. ഏഷ്യാനെറ്റ് ന്യൂസിൽ ആദ്യ വാർത്ത വന്ന ശേഷം  സെപ്റ്റംബർ 16ആം തീയതി നടത്തിയ യാത്രക്ക് 2400 രൂപ ട്രഷറിയിൽ അടച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കൊണ്ട് മാത്രം പൊതുഖജനാവിലേക്ക് എത്തിയ 2400രൂപ എന്ന് ചുരുക്കം. 

click me!