
തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് മുന്നറിപ്പ് നൽകാനുള്ള പൊലീസിന്‍റെ അനൗസ്മെന്‍റിൽ തെറ്റിദ്ധരിച്ച് തൊഴിലാളികൾ പുറത്തിറങ്ങിയത് പോലെയുള്ള സംഭവങ്ങള്‍ ഇനിയുണ്ടാവാതെ നോക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ലോക്ഡൗൺ കഴിഞ്ഞ ശേഷം മാത്രമേ പോകാൻ കഴിയൂ എന്ന പൊലീസിന്‍റെ അനൗസ്മെന്‍റ് കേട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമെന്ന് കരുതി പത്തനംതിട്ട കണ്ണങ്കരയില്‍ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയത് വിനയായിരുന്നു.
ഇത്തരം അനൗണ്‍സ്മെന്‍റുകള്‍ കൃത്യതയുള്ളവയായിരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പറയുന്നത് ആദ്യം ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഭാഷണ ശരിയാണ് എന്ന് അറിയുന്നവരുമായി കൂടി ആലോചിക്കണം. മാത്രമല്ല തങ്ങള്‍ പറയുന്നതാണ് അതിഥി തൊഴിലാളികള്‍ മനസിലാക്കുന്നത് എന്നും ഉറപ്പ് വരുത്തണം. അതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്മന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ 14 അവസാനിക്കുന്ന പശ്ചാതലത്തിലായിരുന്നു പത്തനംതിട്ടയില്‍ പൊലീസിന്‍റെ മുന്നറിയിപ്പ്. നാട്ടിലേക്ക് മടങ്ങാനായിൻ പുറത്തിറങ്ങരുതെന്നും, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് ഉറപ്പായവവർക്ക് ട്രെയിൻ സർവ്വീസ് ഉണ്ടെങ്കിൽ 15 ന് ശേഷം മാത്രമേ പോകാൻ കഴിയുമെന്നും ആയിരുന്നു അനൗൺസ്മെന്‍റ്. കേട്ട പാതി കേൾക്കാത്ത പാതി ടിക്കറ്റ് ബുക്ക് ചെയ്യാനായി തൊഴിലാളികൾ കൂട്ടത്തോടെ പുറത്തിറങ്ങി.
അതിനിടെ ഒരു അക്കൗണ്ട് നമ്പറിലേക്ക് 100 രൂപ ഇട്ട് കൊടുത്താൽ ടിക്കറ്റ് ബുക്ക് ചെയ്തുകൊടുക്കുമെന്ന് വ്യാജ സന്ദേശവും വാട്സ് ആപ് വഴി പ്രചരിച്ചു. ഈ 100 രൂപ സിഡിഎം വഴി ഇടാനും കുറച്ച് പേർ എത്തി. വെളുക്കാൻ തേച്ചത് പാണ്ടായ സ്ഥിതിയിലായ പൊലീസ് ഒടുവിൽ എല്ലാവരെയും വിരട്ടി ഓടിച്ചു. ഒടുവില്‍ വീടു വീടാന്തരം കയറി ബോധവത്കരിക്കേണ്ട അവസ്ഥയും വന്നു പൊലീസിന്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam