ആരാധനാലയങ്ങള്‍ തുറന്നതിലെ വിവാദം; വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

By Web TeamFirst Published Jun 11, 2020, 8:06 PM IST
Highlights

ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പ്രത്യേക പിടിവാശിയെന്നും ഇല്ല. എന്നാല്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചവര്‍ ഏറ്റവും നല്ല തീരുമാനമാണ് എടുത്തത്. അതില്‍ സര്‍ക്കാരിന് യാതൊരു അപ്രീയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ പൊതുവായി എന്ത് മാനദണ്ഡം സ്വീകരിക്കുന്നു എന്നതിനെയാണ് കേരള സർക്കാർ ആശ്രയിച്ചിരിക്കുന്നത്. ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കില്‍ എന്തായിരിക്കുമായിരുന്നു സ്ഥിതി. ഭക്തരുടെ വികാരം ഉള്‍ക്കൊള്ളാത്ത ഒരു സര്‍ക്കാരാണ് ഇവിടെ ഉള്ളതെന്നല്ലേ പറയുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

മെയ് 30ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞു. അതിന് ശേഷം മിനിസ്ട്രി ഓഫ് ഫാമിലി ആന്റ് വെല്‍ഫെയര്‍ ജൂണ്‍ നാലം തീയതി ഇതുമായി ബന്ധപ്പെട്ട വിശദമായ ഗൈഡ്ലൈന്‍സ് പുറത്തിറക്കി. അതിന്‍റെ ഭാഗമായി ആരാധനാലയങ്ങള്‍ തുറന്നു എന്നത് ശരിയാണ്. 

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശ്വാസി സമൂഹവുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ പ്രധാനികളെ തന്നെ വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. അവര്‍ പൊതുവേ തീരുമാനിച്ചത് ഈ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാമെന്നാണ്. അങ്ങനെ ഒരു അഭിപ്രായം വന്നപ്പോള്‍ സര്‍ക്കാര്‍ അതിന് എതിര് നിന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പ്രത്യേക പിടിവാശിയെന്നും ഇല്ല. എന്നാല്‍ ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചവര്‍ ഏറ്റവും നല്ല തീരുമാനമാണ് എടുത്തത്. അതില്‍ സര്‍ക്കാരിന് യാതൊരു അപ്രീയവുമില്ല. ഇന്നത്തെ കാലത്ത് സ്വീകരിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല തീരുമാനമാണത്. നമ്മുടെ നാടിന്‍റെ ഭാവികണ്ട് തുറക്കേണതില്ല എന്ന് തീരുമാനിച്ച എല്ലാവരേയും അനുമോദിക്കുകയാണ്. അതില്‍ സര്‍ക്കാരിന് യാതൊരു വിഷമവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!