Kerala Rain : സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

By Web TeamFirst Published May 18, 2022, 4:11 PM IST
Highlights

കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യക്ഷമമായി പൂര്‍ത്തീകരിക്കണം.മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞം നടത്തും. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കണം.

തിരുവനന്തപുരം; കാലവര്‍ഷക്കാലത്തെ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി മുൂഖ്യമന്ത്രി.ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, സേനാ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്  കാലവര്‍ഷ മുന്നൊരുക്ക യോഗം  നടത്തി.

മുഖ്യമന്ത്രി മുന്നോട്ട് വച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

*ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വില്ലേജ് ഓഫിസര്‍, പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളേയും ഏല്‍പ്പിക്കണം

*കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം.

*മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്താനാവണം. 

*പുഴകളിലെ മണലും എക്കലും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത ഇടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അവ പൂര്‍ത്തീകരിക്കേണ്ടതാണ്.

*സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.

*അപകട സാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടി മരങ്ങള്‍ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ. എസ്. ഇ. ബി ഉടനെ പൂര്‍ത്തീകരിക്കണം.

*മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. 

*പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നീ രക്ഷാസേനകള്‍ അവരുടെ പക്കലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം. മറ്റ് വകുപ്പുകളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ലഭ്യമായ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും കണ്‍ട്രോള്‍ റൂമുകളില്‍ ഇവ ലഭ്യമാക്കുകയും ചെയ്യണം. 

*വെള്ളപ്പൊക്ക, മണ്ണൊലിപ്പ് സാധ്യതാ പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വള്ളം, തോണി തുടങ്ങിയവ ആവശ്യാനുസരണം ഒരുക്കിവെക്കണം.

*പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മേയ് 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കണം.  

സ്‌കൂള്‍ തുറക്കല്‍ - മുന്നൊരുക്കങ്ങള്‍

*സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ വാഹനത്തില്‍ വരാനുള്ള സാധ്യത മുന്നില്‍കണ്ട് വാഹനം പാര്‍ക്ക് ചെയ്യാന്‍ അതതു സ്‌കൂളുകള്‍ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.  റോഡരികിലും മറ്റുമായി  അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നത് ഗതാഗതതടസ്സം സൃഷ്ടിക്കാന്‍ ഇടയാക്കും.

*കുട്ടികള്‍ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങള്‍ സ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ട് ക്ലാസ്സ് കഴിഞ്ഞതിനു ശേഷം കുട്ടികളെയും കൂട്ടി തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകരുത്. സ്വകാര്യ / ടാക്‌സി വാഹനങ്ങള്‍ കുട്ടികള്‍ വരുന്നതുവരെ നിര്‍ത്തിയിടുകയാണെങ്കില്‍ അതിനുള്ള സൗകര്യം സ്‌കൂള്‍ ഒരുക്കണം.

*ഇലക്ട്രിക് പോസ്റ്റില്‍ വയര്‍, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ അപാകത പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയര്‍, ഇലക്ട്രിക് കമ്പികള്‍ മുതലായവ പരിശോധിച്ച് അവയില്‍ നിന്നും ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലെന്ന് കെ.എസ്.ഇ.ബി. ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 

 

 

click me!