തിരുവനന്തപുരം: വാളായാറിലെ പെൺകുട്ടികളുടെ മരണവും കേസ് കോടതിയിൽ പരാജയപ്പെട്ടതും നിർഭാഗ്യകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രോസിക്യൂഷന്റെ പരാജയം മൂലമാണോ അതോ കേസ് അന്വേഷണത്തിൽ പൊലീസിനുണ്ടായ വീഴ്ചയാണോ
കേസ് പരാജയപ്പെടാൻ കാരണമെന്ന് വിശദമായി പരിശോധിച്ച് കണ്ടെത്തുമെന്നും മരണത്തിന് ശേഷമെങ്കിലും ആ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വാളയാർ കേസിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇവിടെ നിർഭാഗ്യകരമായ ഒരു കാര്യമാണ് സംഭവിച്ചിട്ടുള്ളത്. ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല എന്നതു തന്നെയാണ് നിർഭാഗ്യകരമായ കാര്യം. സാധാരണ നിലക്ക് ഇത്തരമൊരു കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് നമ്മളെല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അതിനു വിപരീതമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്.
പ്രോസിക്യൂഷന്‍റെ പരാജയമാണോ അതോ കേസ് നടത്തിപ്പുമായി പൊലീസിനുണ്ടായ വീഴ്ച്ചയാണോ കേസ് പരാജയപ്പെടാൻ കാരണമെന്ന് അറിയേണ്ടതുണ്ട്. ഈ കാര്യങ്ങൾ ഗൗരവമായി തന്നെ പരിശോധിക്കണം. അത് പരിശോധിക്കുക തന്നെ ചെയ്യും. ഈ രണ്ടു കുട്ടികളുടേയും ദാരുണമായ അന്ത്യം ആരുടെയും മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാനന്തരമെങ്കിലും ആ കുട്ടികൾക്ക് നീതി കിട്ടണമെന്നാണ് സർക്കാരിന്റെ നിലപാട്.
ഒരു കാര്യം- ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും സർക്കാർ. അതിൽ രാഷ്ട്രീയമില്ല ഭരണ പ്രതിപക്ഷ പരിഗണനയുമില്ല. മനുഷ്യത്വവും നീതിയും മാത്രമാണ് ഈ കേസിൽ പരിഗണനാർഹമായ വിഷയങ്ങൾ. അതു മുന്‍നിർത്തി തന്നെ ഇക്കാര്യത്തിൽ നടപടിയുണ്ടാവും. അതിൽ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന കാര്യത്തിൽ ഗൗരവമായി പരിശോധിച്ച് നടപടിയുണ്ടാവും. ഇത് സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ടതില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam