മുഖ്യമന്ത്രി പറഞ്ഞ നിർണായക ദിനം, ഉമ്മാക്കിയെന്ന് മറുപടി പറഞ്ഞത് പിണറായി; ധവളപത്രം ഇന്ന് സഭയിൽ വയ്ക്കും, സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അറിയാം

Published : Jun 04, 2026, 02:51 AM IST
Satheesan Pinarayi Vijayan

Synopsis

കെ എം ചന്ദ്രശേഖര്‍ സമിതി തയ്യാറാക്കിയ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക സ്ഥിതി, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ വിശദീകരിക്കും. സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങളും ധവളപത്രത്തിൽ ഉണ്ടാകും.

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമുണ്ടാകും. രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. സെന്‍റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിന്‍റെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

എൽഡിഎഫ് കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ സഭയിലെ പരാമർശത്തിന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു. ധവള പത്രം വരുമ്പോൾ നമുക്ക് കാണാമെന്നും, ആ ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. നിയമസഭയിൽ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 'ധവളപത്രം വരുന്നുണ്ടെന്ന് പറഞ്ഞു, അത് വരുമ്പോൾ നമുക്ക് കാണാം. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്'പിണറായി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാറ്റം ആഗ്രഹിച്ച് പിന്തുണച്ചവർ തുറന്നടിക്കുന്നു, തുടക്കം തന്നെ തെറ്റുകൾ; ബന്ധു നിയമനത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ്
ഇത്രയും പ്രശ്നങ്ങളുണ്ടാകുമ്പോൾ മഹുവ മൊയ്ത്ര എവിടെ? മമതാ ബാനർജിക്ക് തിരിച്ചടി, യോ​ഗത്തിനെത്തിയത് രണ്ടേ രണ്ടുപേർ