വെള്ളമൊഴുകാന്‍ തോടുകളില്ലാത്തതാണ് വെള്ളപ്പൊക്കം ആവര്‍ത്തിക്കാന്‍ കാരണം: മുഖ്യമന്ത്രി

By Web TeamFirst Published Aug 25, 2019, 9:56 PM IST
Highlights

പ്രളയ ദുരന്തം മൂലം നഷ്ടം വന്ന വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സഹായം നല്‍കാന്‍ നിലവിൽ മാനദണ്ഡങ്ങൾ ഇല്ലെന്നും ഇവർക്കു കൂടി സഹായമെത്തിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.   

കൊച്ചി: വെള്ളം ഒഴുകി പോകാൻ തോടുകൾ ഇല്ലാത്തതാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കം ആവർത്തിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചുവരുന്ന നാടായി മാറിയിരിക്കുകയാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് പ്രളയബാധിതർക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ എടുക്കും. ദുരന്ത സാധ്യതയുള്ള മേഖലകൾ വിദഗ്ധ സഹായത്തോടെ കണ്ടെത്തി അവിടെ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തിന്‍റെ സാമ്പത്തികശേഷി അനുസരിച്ച് ദുരിതബാധിതരെ സഹായിക്കും. പ്രളയ ദുരന്തം മൂലം നഷ്ടം വന്ന വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സഹായം നല്‍കാന്‍ നിലവിൽ മാനദണ്ഡങ്ങൾ ഇല്ലെന്നും ഇവർക്കു കൂടി സഹായമെത്തിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടക്കേക്കര പഞ്ചായത്തിൽ ലൈഫ് ബിൽഡ് പദ്ധതി പ്രകാരം നിർമ്മിച്ച 500 വീടുകളുടെയും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഡിപി വേൾഡ് നിർമ്മിച്ച് നൽകിയ 50 വീടുകളുടെയും താക്കോൽ ദാനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

click me!