പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ഓണത്തിന് സൗജന്യ ഓണക്കിറ്റുകൾ നൽകും'

Published : Jul 30, 2026, 03:36 AM IST
cm vd satheesan

Synopsis

ഭരണരംഗത്ത് ഡിജിറ്റൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കേരള മന്ത്രിസഭ തീരുമാനിച്ചു. പദ്ധതികൾ വൈകുന്നത് തടയാനും ആസ്തികൾ ഡിജിറ്റലായി രേഖപ്പെടുത്താനും ലക്ഷ്യമിടുന്ന അഞ്ച് പ്രധാന പരിഷ്കാരങ്ങൾക്ക് യോഗം അംഗീകാരം നൽകി. ഓണക്കാലത്തെ വിലക്കയറ്റം തടയുന്നതിനുള്ള നടപടികളും ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയും യോഗം ചർച്ച ചെയ്തു.

തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായും ഒഴിവാക്കുന്നതിന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായും മന്ത്രിസഭായോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. പ്ലാൻ സ്പേസ് 2 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും ജി ഐ എസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും. നിലവിൽ രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും പുതിയ സംവിധാനത്തിൽ ലൊക്കേഷൻ കോർഡിനേറ്റുകൾ, ഫണ്ട് സ്രോതസ്സുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഇത് വിപുലീകരിക്കും.

സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക രജിസ്ട്രി തയ്യാറാക്കും. ഈ സ്ഥാപനങ്ങളിലെ ശമ്പളാവശ്യങ്ങൾക്കായി മാത്രം നിലവിൽ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ടെന്നും കാലഹരണപ്പെട്ടതും ഒരേ സ്വഭാവമുള്ളതുമായ സ്ഥാപനങ്ങളെ സംയോജിപ്പിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ വരുത്തുമ്പോൾ ഡാറ്റാ സുരക്ഷ സുപ്രധാന വിഷയമായതിനാൽ സംസ്ഥാനത്തെ ഏജൻസികൾക്കാണ് മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതികളുടെ നടത്തിപ്പിന് തടസമാകുന്ന നിയമപരമായ പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായി കാലഹരണപ്പെട്ടതും പരസ്പര വിരുദ്ധവുമായ നിയമങ്ങൾ അവലോകനം ചെയ്തു ഭേദഗതി വരുത്തും. പൊതുജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സർക്കാർ ഓഫീസുകളിലെ ഇടപെടലുകൾ ലളിതമാക്കാൻ പ്രോസസ് റീ-എഞ്ചിനീയറിംഗ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാ ഘട്ടങ്ങളും പേപ്പർ സമർപ്പണങ്ങളും ഒഴിവാക്കി നടപടിക്രമങ്ങൾ പൂർണമായും ആധുനികവൽക്കരിക്കും.

മുൻഗണനാ പദ്ധതികളുടെ നിർവഹണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി സെക്രട്ടറിമാരുടെ ഒരു എംപവേർഡ് കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരം ജില്ലയിൽ ബ്രഹ്‌മോസ് ഏറോസ്‌പേസിന് നൽകാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൂടി ഡി ആർ ഡി ഒ യ്ക്കു വിട്ടുനൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കെൽട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം 35 കോടി രൂപയിൽ നിന്നും 60 കോടി രൂപയായി ഉയർത്താനും തീരുമാനമായി. ജി. ശശീന്ദ്രനെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും (വിജിലൻസ്) ഡോ. കെ.കെ. രാമചന്ദ്രനെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും നിയമിച്ചു. കൂടാതെ, ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളിൽ അധ്യാപകരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത് ഗൗരവകരമായ കാര്യമാണെന്നും ലഹരിക്കെതിരെയുള്ള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' അതീവ പ്രാധാന്യമുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി കേസുകളിലെ അന്വേഷണത്തിനായി ഉദ്യോഗസ്ഥർ ചെലവാക്കുന്ന തുക റീഇംബേഴ്സ് ചെയ്യുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കും.

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സർക്കാർ സജീവമായി ഇടപെടൽ നടത്തുന്നുണ്ട്. വിപണി ഇടപെടലിനുള്ള 273 കോടിയും നെല്ല് സംഭരണ ബോണസായ 154 കോടിയും ഉൾപ്പെടെ 448 കോടി രൂപ പൊതുവിതരണ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തവാസികൾക്കുമായി 16 ഇനങ്ങൾ അടങ്ങിയ 6 ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 10 മുതൽ 20 വരെ വിതരണം ചെയ്യും. വിപണിയിൽ അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും വിവിധ ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും ഓണം മാർക്കറ്റുകളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിന്റെ ഒന്നാം ഗഡു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. കേന്ദ്ര ഗ്രാന്റുകളിലെ കുറവ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിലെ സെൻസസ് ടൗണുകളെ അർബൺ ഏരിയയായി കണക്കാക്കിയതിലെ അപാകത പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം കോടതിയുടെ പരിഗണനയിലാണ്. വിധി വന്ന ശേഷം തീരുമാനമെടുക്കും. കുണ്ടറയിലെ സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് രോഗബാധ മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ, പ്രതികരണ ശേഷിയുള്ള ജനതയെ വേണമെന്ന് താരം
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും, ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും: മന്ത്രി കെ മുരളീധരൻ