'ഇനി എന്തിനാണെന്ന് മനസിലാകുന്നില്ല, എല്ലാം കൃത്യം', ഡോ. വന്ദന കൊലക്കേസിൽ ഒരന്വേഷണവും വേണ്ടെന്ന് മുഖ്യമന്ത്രി

Published : Feb 14, 2024, 01:14 PM ISTUpdated : Feb 14, 2024, 02:14 PM IST
'ഇനി എന്തിനാണെന്ന് മനസിലാകുന്നില്ല, എല്ലാം കൃത്യം', ഡോ. വന്ദന കൊലക്കേസിൽ ഒരന്വേഷണവും വേണ്ടെന്ന്  മുഖ്യമന്ത്രി

Synopsis

എന്ത് അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു.

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതകം കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സർക്കാർ. ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.എന്ത് അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണ ആവശ്യമെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ബഹുമാന്യനായ അംഗം ഉന്നയിച്ച കാര്യങ്ങൾ  കേരളത്തിന്റെ പൊതു സമൂഹത്തിന് നല്ലതുപോലെ ധാരണയുള്ള കാര്യമാണല്ലോ.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആതുരസേവനത്തിനിടെ ഡോ. വന്ദന ദാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട് പോലീസ് ചെയ്യേണ്ട നടപടികൾ ഒരു കാലതാമസവും ഇല്ലാതെ ചെയ്തു എന്നാണ് ഇത് കാണിക്കുന്നത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍തന്നെ പോലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഡോ. വന്ദന ദാസ് പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍റെ സേവനമുള്‍പ്പെടെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് ഡോ. വന്ദന ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1202/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവസ്ഥലത്തുവെച്ച് പിടിയിലായ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു. തുടര്‍ന്ന് കേസില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേസന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന്  കൈമാറിയിരുന്നു. വ്യക്തമായ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിനിടെയാണ് ഡോ. വന്ദന ദാസിന്‍റെ മാതാപിതാക്കള്‍, കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട്, ബഹു. ഹൈക്കോടതിയില്‍ ഹര്‍ജി  സമര്‍പ്പിക്കുന്നത്. ഇതിനോടകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും ബഹു. കേരള ഹൈക്കോടതി ഹര്‍ജി നിരസിച്ചിട്ടുണ്ട്.

ബഹുമാന്യനായ അംഗം ആ  ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവൺമെൻ്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുക. എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്. കുറ്റപത്രം സമർപ്പിച്ചതാണ്.  പ്രത്യേകിച്ച് പരാതികൾ ഇല്ലാത്തതാണ്. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ല.  ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 21.09.2023ന് സര്‍ക്കാര്‍ സമഗ്രമായ മെഡിക്കോ ലീഗോ പ്രോട്ടോകോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും