
തിരുവനന്തപുരം: സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കിയുളള മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ ഇച്ഛാശക്തിയോടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും പൂര്‍ണ സംരക്ഷണം ഉറപ്പാക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് വനിതാനയം തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പുതുയുഗ വനിതാനയം ഹെര്‍ സമ്മിറ്റ് 2026 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ബൃഹദ് പദ്ധതികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി വിപണനത്തിന് സര്‍ക്കാരിന്റെ സഹായവും നോളജ് പാര്‍ട്ണറുടെ പിന്തുണയും നല്‍കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പദ്ധതികള്‍ മാറ്റിവെക്കില്ലെന്നും സ്വപ്നപദ്ധതി പൂര്‍ണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും. സാധാരണക്കാരായ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് തടയാന്‍ കര്‍ശന ഇടപെടല്‍ വേണം. ലോകം മാറിക്കൊണ്ടിരിക്കുമ്പോള്‍ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക-സാങ്കേതിക പിന്തുണ നല്‍കുന്നതിനൊപ്പം ഹരിത സമ്പദ് വ്യവസ്ഥയിലും പുതിയ തൊഴില്‍ മേഖലകളിലും അര്‍ഹമായ പ്രാതിനിധ്യം വനിതാ നയത്തില്‍ ഉറപ്പാക്കുമെന്ന് വനിതാ ശിശുസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പങ്കാളിത്തത്തിന് പുറമെ, നയരൂപീകരണത്തിലും ബജറ്റ് തീരുമാനങ്ങളിലും ഭരണ നിര്‍വഹണത്തിലും സ്ത്രീകളുടെ യഥാര്‍ഥ സ്വാധീനവും പങ്കാളിത്തവും ഉറപ്പുവരുത്തും. ലിംഗസമത്വവും അവകാശബോധവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. കൗമാര-ആര്‍ത്തവ ആരോഗ്യം, മാനസികാരോഗ്യം, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നിവ ഗൗരവമായി അഭിസംബോധന ചെയ്യും. സ്ത്രീകള്‍ക്ക് ഭയരഹിതമായി നടക്കാനും അന്തസ്സോടെ തൊഴിലെടുക്കാനുമുള്ള ഭയരഹിതമായ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കും. പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെയും പുരുഷന്മാരുടെയുമടക്കം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് ജനാധിപത്യപരമായ രീതിയിലാണ് നയം രൂപീകരിക്കുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം കഴിഞ്ഞ 70 വര്‍ഷമായി മുന്നോട്ടുപോയത് ഏകപക്ഷീയ തീരുമാനങ്ങളിലൂടെയല്ല, മറിച്ച് ജനാധിപത്യപരമായ കൂട്ടായ ചര്‍ച്ചകളിലൂടെയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ചൂണ്ടിക്കാട്ടി. ആ പാരമ്പര്യം തുടര്‍ന്നുകൊണ്ട് വീട്ടമ്മമാര്‍, തൊഴിലെടുക്കുന്ന സ്ത്രീകള്‍, സംരംഭകര്‍, ജനപ്രതിനിധികള്‍ തുടങ്ങി സമഗ്രമേഖലകളില്‍ നിന്നുമുള്ള സ്ത്രീകളുടെ കൂട്ടായ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് വനിതാനയത്തിന് രൂപം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് തുടക്കത്തില്‍ തന്നെ വനിതാനയ രൂപീകരണത്തിനായി ഹെര്‍ സമ്മിറ്റ് നടത്താന്‍ മുന്‍കൈ എടുത്ത വനിതാ ശിശുവികസന വകുപ്പിനെ മന്ത്രി പ്രശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഷീബ ജോര്‍ജ് സ്വാഗതം ആശംസിച്ചു. എം.എല്‍.എമാരായ ഉമാ തോമസ്, ഉഷാ വിജയന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എം.കെ. മുനീര്‍, വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി, മുന്‍ മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam