റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പിലാക്കുന്നു. പരിക്കിന്റെ സ്വഭാവമനുസരിച്ച് വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ സർക്കാർ, സ്വകാര്യ ആംബുലൻസുകളെ ഇതിനായി ഏകോപിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.

തിരുവനന്തപുരം: റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ട് പുതിയ 'ഗോൾഡൻ ഗോൾ' പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി 108 ആംബുലൻസുകൾക്കൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും ഒന്നിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് നിലവിൽ ആലോചിക്കുന്നത്. പദ്ധതിക്കായി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജി.പി.എസ് (GPS) ട്രാക്കിങ്, ജി.ഐ.എസ് (GIS) മാപ്പിങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.