
തിരുവനന്തപുരം: നികുതി ഭീകരതയ്‌ക്കെതിരേ പ്രക്ഷോഭം നയിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടേയും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും നേരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. യുഡിഎഫിലെ കുട്ടികളെ ഇനിയും തല്ലിയാല്‍ കയ്യുംകെട്ടിയിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചുവപ്പ് കണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വിറളിപിടിച്ചു. കറുത്ത കാറില്‍ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും.
മരുമകന്‍ കറുത്ത ഷര്‍ട്ടിട്ട് മുഖ്യമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ വെട്ടിലായത് പൊലീസുകരാണ്. മുന്‍ സിപിഎം എംഎല്‍എ സി പി കുഞ്ഞ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വീടിനു മുന്നില്‍ വച്ച കറുത്ത കൊടിപോലും പൊലീസ് ഊരിക്കൊണ്ടുപോയി. ഇരട്ടച്ചങ്കനെന്നും ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നവനും എന്നൊക്കെ ഫാനുകള്‍ വാഴ്ത്തുന്ന പിണറായി വിജയന്‍ കേരളം കണ്ട ഒരേയൊരു പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണെന്ന് ഹസന്‍ പറഞ്ഞു.
നികുതി കൊള്ളയ്‌ക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ അഞ്ചിടത്തും യൂത്ത് ലീഗുകാരെ രണ്ടിടത്തും പൊലീസ് തല്ലിച്ചതച്ചു. കളമശേരിയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദനമേറ്റു. പൊലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും മര്‍ദനമേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സര്‍ സിപിയുടെ കാലത്തോ, ബ്രിട്ടീഷ് ഭരണകാലത്തോ കേട്ടുകേഴ്‌വിയില്ലാത്ത രീതിയിലാണ് ഇപ്പോള്‍ പൊലീസ് പെരുമാറുന്നത്. മര്‍ദനവീരന്‍ പട്ടമാണ് മുഖ്യമന്ത്രിക്ക് കേരളം നല്‍കാൻ പോകുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷ ഇനിയും കൂട്ടാന്‍ സുരക്ഷാമേല്‍നോട്ടത്തിന് മാത്രമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കുകയാണ്. മുഖ്യമന്ത്രിയുടെ റൂട്ട് വയര്‍ലെസിലൂടെ നല്കുന്നതിനു പകരം ഇനി ഫോണിലൂടെ നല്കും. പ്രധാനമന്ത്രിക്കോ നക്‌സല്‍ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കോ ഇല്ലാത്ത സുരക്ഷയാണ് പിണറായിക്കുള്ളത്. കേരളത്തില്‍ ഇന്നുവരെ ആക്രമിക്കപ്പെട്ട ഒരേയൊരു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്, ആക്രമിച്ചത് ഡിവൈഎഫ്‌ഐക്കാരുമെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam