
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും ലൈവ് സ്ട്രീം നടത്താനും സാധിക്കില്ലെന്ന് എൻ പ്രശാന്ത് ഐഎഎസിന് മറുപടി. അച്ചടക്കനടപടിയുടെ ഭാഗമായുള്ള ഹിയറിംഗ് രഹസ്യ സ്വഭാവമുള്ളതാണെന്നാണ് ചീഫ് സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കിയത്.
ഈ മാസം 16നാണ് സസ്പെഷനിൽ കഴിയുന്ന എൻ.പ്രശാന്തിനോട് ഹിയറിംഗിനായി ഹാജരാകാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശാന്തിൻെറ ആവശ്യം പരിഗണിച്ച് ഹിയറിംഗ് നടത്തുന്നു എന്ന ഉത്തരവിലെ പ്രയോഗമായിരുന്നു എൻ.പ്രശാന്ത് ഉയർത്തി കാണിച്ചത്. ഹിയറിംഗ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീമിംഗ് വേണമെന്നുമായിരുന്നു പ്രശാന്തിൻ്റെ ആവശ്യം.
ചീഫ് സെക്രട്ടറി നേരിട്ട് കാര്യങ്ങള്‍ കേള്‍ക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായല്ല. പ്രശാന്തിൻെറ ആവശ്യ പ്രകാരം നീതിപൂർവ്വമായി സർക്കാർ സ്വീകരിച്ച നിലപാടാണത്. ഇത് റെക്കോർഡ് ചെയ്യാനോ, ലൈവായി സംപ്രേക്ഷണം ചെയ്യാനോ അനുവദിക്കില്ലെന്നാണ് മറുപടിയിൽ ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരെയും സഹ പ്രവർത്തകരെയും സമൂഹ മാധ്യമങ്ങൾ വഴി മോശമായി ചിത്രീകരിച്ചതിനും ആരോപണം ഉന്നയിച്ചതിനുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അഞ്ചുമാസമായിട്ടും കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകാത്തതിനാല്‍ വകുപ്പുതല അന്വേഷണത്തിലേക്ക് സർക്കാർ കടന്നിട്ടില്ല. ഇതിനിടെയാണ് നേരിട്ട് കേള്‍ക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധന സർക്കാർ തള്ളിയ സാഹചര്യത്തിൽ നേരിട്ട ഹാജരാകുമോയെന്നാണ് ഇനി അറിയേണ്ടത്.
അതേസമയം പ്രശാന്തിൻ്റെ അസാധാരണ ആവശ്യം വിചിത്രമെന്ന് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ഇദ്ദേഹം വീണ്ടും വിമർശനവുമായി രംഗത്ത് വന്നു. ജയതിലകിനെ പിന്തുണച്ചാണ് ഒരു വിഭാഗം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പോസ്റ്റിൽ കുറ്റപ്പെടുത്തി. സ്വകാര്യമായ കേസുകൾ കോടതി ഹിയറിംഗ് നടത്തുന്നത് തുറന്ന കോടതികളിലാണ്. ഇന്ന് കോടതികൾ ലൈവ് സ്റ്റ്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിന് അറിയാൻ അവകാശമുണ്ട് എന്നതും ഓർക്കുക. സർക്കാർ മീറ്റിങ്ങുകൾ ലൈവ് സ്റ്റ്രീം ചെയ്ത് പൊതുജനം അറിയാൻ കൃഷിവകുപ്പ് വെളിച്ചം എന്ന പ്രോജക്റ്റിന് അംഗീകാരം നൽകി ഉത്തരവിറങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുതാര്യത എന്തിനെന്നല്ല മറച്ച് വെക്കുന്നത് എന്തിന് എന്നാണ് സാമാന്യബുദ്ധിയുള്ളവർ ചോദിക്കുകയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam