
തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകണമെന്ന് സർക്കാറിനോട് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. സീനിയോറിറ്റി അനുസരിച്ച് ഡിജിപിയാകേണ്ട അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ ഇനി സർക്കാർ തീരുമാനമാണ് നിർണ്ണായകം. കുറ്റമറ്റ രീതിയിൽ നടപടി എടുത്തത് കൊണ്ടാണ് അജിത് കുമാറിന് സ്റ്റേ കിട്ടാത്തതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിശദീകരിച്ചു. അതേ സമയം അജിത് കുമാറിനെതിരെ കേസെടുക്കുന്നതിൽ വകുപ്പ് തല നടപടി തീരട്ടെ എന്നാണ് ആഭ്യന്തരവകുപ്പ് നിലപാട്.
31ന് ഫയർഫോഴ്സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോൾ ഒഴിവുള്ള ഡിജിപി പദവിയിലേക്ക് ആരെത്തുമെന്നതിലാണ് ആകാംക്ഷ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ വരുന്നത്. അജിത് കുമാർ കഴിഞ്ഞാൽ അടുത്ത സീനിയർ ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവി നൽകണമെന്നാണ് ശുപാർശ. ശ്രീജിത്തിന് പദവി നൽകുമോ അതോ ഒഴിച്ചിടുമോ എന്ന സർക്കാർ തീരുമാനം നിർണ്ണായകമാണ്.
അജിതിന് ഡിജിപി പദവി കിട്ടാൻ നടപടി വൈകിപ്പിക്കുന്നു എന്ന് വരെ ആക്ഷേപം കേട്ടതാണ് സർക്കാർ. ഇനി പദവി ഒഴിച്ചിട്ടാൽ അജിത് കുമാറിന് വേണ്ടിയാണെന്ന ആരോപണം കൂടി കേൾക്കേണ്ടി വരും. അജിത് കുമാറിനെക്കാൾ സീനിയറായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ജനുവരിയിൽ സംസ്ഥാനത്തേക്ക് മടങ്ങിവരുമെന്നും അഭ്യൂഹങ്ങളുണ്ട്. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്‍റെ ആവശ്യം തള്ളിയതിന്‍റെ വലിയ ആശ്വാസത്തിലാണ് സർക്കാർ.
രക്ഷാപ്രവർത്തനക്കേസിൽ ഇടപെട്ട് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് അജിതിനെതിരായ സസ്പെൻഷൻ. ഇത് ഉത്തരവിൽ വിശദമാകുമ്പോഴും അന്വേഷണത്തിലെ ഇടപെടലിൽ അജിതിനെതിരെ കേസ് എടുക്കുന്നത് ഇനിയും നീളും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam