മദ്യ നയം മാറ്റത്തിന് തീരുമാനമില്ല, പ്രചാരണം തെറ്റ്, ചര്‍ച്ചകൾ നടന്നത് ഉദ്യോഗസ്ഥ തലത്തിൽ: ചീഫ് സെക്രട്ടറി

Published : May 27, 2024, 06:26 PM ISTUpdated : May 27, 2024, 06:47 PM IST
മദ്യ നയം മാറ്റത്തിന് തീരുമാനമില്ല, പ്രചാരണം തെറ്റ്, ചര്‍ച്ചകൾ നടന്നത് ഉദ്യോഗസ്ഥ തലത്തിൽ: ചീഫ് സെക്രട്ടറി

Synopsis

ഉദ്യോഗസ്ഥ തലത്തിൽ പതിവായി നടക്കുന്ന ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ദുര്‍വ്യാഖ്യാനിച്ച് വിവാദമാക്കിയെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടികൾ ആലോചിക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ ദുര്‍വ്യാഖ്യാനിച്ചാണ് പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശങ്ങൾ നൽകിയത് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട കടമയുടെ ഭാഗമാണ്. ഇതു പതിവായി നടക്കുന്നതാണ്. ഇതിനെയാണ് ദുർവ്യാഖ്യാനിച്ച് മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിമര്‍ശിച്ചു. 

ആലോചനകൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്നിട്ടുള്ളതാണെന്ന് ചീഫ് സെക്രട്ടറി പറ‌ഞ്ഞു. മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. സംരംഭകത്വ പ്രോത്സാഹനം, നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണ വിനിയോഗം, സര്‍ക്കാര്‍ കേസുകളുടെ മെച്ചപ്പെട്ട നടത്തിപ്പ് എന്നിവയാണ് യോഗത്തിൽ ചര്‍ച്ച ചെയ്തത്. എല്ലാ സെക്രട്ടറിമാരും ആശയങ്ങൾ നിർദേശിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും രണ്ടു മാസത്തിനുള്ളിൽ ആവശ്യമായ നടപടികൾ കണ്ടെത്താനും ഈ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് എല്ലാ ഒന്നാം തീയതിയും ഡ്രൈഡേ ആചരിക്കുമ്പോൾ വർഷത്തിൽ 12 ദിവസം സംസ്ഥാനത്ത് മദ്യ വിൽപ്പന ഇല്ല. ടൂറിസം മേഖലയിലും മറ്റു മേഖലകളിലും സംഘടിപ്പിക്കുന്ന ദേശീയവും അന്തർദേശീയവുമായ യോഗങ്ങൾ, യാത്രകൾ, കോൺഫറൻസുകൾ തുടങ്ങിയ ബിസിനസ് സാധ്യതകൾ സംസ്ഥാനത്തിനു നഷ്ടപ്പെടുന്നുണ്ടെന്ന കാര്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ഇതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം വിലയിരുത്തണമെന്നും ആവശ്യമായ ചർച്ചകൾക്കു ശേഷം വിശദമായ കുറിപ്പ് സമർപ്പിക്കണമെന്നും ടൂറിസം സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ടൂറിസം വ്യവസായ വികസനത്തെ സംബന്ധിച്ച് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കുറിപ്പ് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ടൂറിസം മേഖലയി ടൂറിസം ഡയറക്ടർ യോഗം വിളിക്കുന്നത് പതിവാണ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാറുമുണ്ട്. ഡ്രൈഡേ ഒഴിവാക്കണമെന്ന് വ്യവസായം, ടൂറിസം മേഖലകളിൽ നിന്ന് മുൻപേ ആവശ്യപ്പെടുന്നതാണ്. എക്സൈസ് വകുപ്പിന് മുന്നിലും ഈ ആവശ്യം മുൻപേ എത്തിയിട്ടുണ്ട്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ജനുവരി 4 ന് വിളിച്ച യോഗത്തിലും ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യം ഉയർന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും