
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ (Kottayam Medical College) വച്ച് കുഞ്ഞിനെ തട്ടിയെടുത്ത നീതു കാമുകൻ ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെയാണ് (Tik Tok). വിവാഹ മോചിതയാണെന്നാണ് ഇബ്രാഹിമിനോട് നീതു പറഞ്ഞത്. ഇബ്രാഹിമിന്റെ വീട്ടുകാർക്കും നീതുവിനെ അറിയാമായിരുന്നു. ഗർഭിണിയായ കാര്യം നീതു ഭർത്താവിനെയും ഇബ്രാഹിമിനെയും അറിയിച്ചിരുന്നു. എന്നാൽ ഗർഭം അലസിയ കാര്യം ഭർത്താവിനെ മാത്രമേ അറിയിച്ചുള്ളൂ, ഇബ്രാഹിമിനെ അറിയിച്ചില്ല. വിവരമറിഞ്ഞാൽ ഇബ്രാഹിം ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് നീതു ഭയന്നു. ഗർഭത്തിന് ഉത്തരവാദി ഭർത്താവാണെന്നാണ് നീതു ഭർത്താവിനോട് പറഞ്ഞിരുന്നത്. ഇബ്രാഹിമിനോട് കുഞ്ഞ് ഇബ്രാഹിമിന്‍റേതാണെന്നും പറഞ്ഞു.
ഇബ്രാഹീം ബാദുഷ ഗൾഫിൽ ഡ്രൈവർ ജോലി ആയിരുന്നു. കളമശ്ശേരി എച്ച്എംടി കോളനി സ്വദേശിയാണ്. നീതുമായി ബന്ധമായതിന് പിന്നാലെ നാട്ടിൽ എത്തി പിന്നീട് നീതുവുമായി ഒരുമിച്ചു താമസിച്ചു. നീതു വിവാഹമോചിതയാണ് എന്നാണ് ഇബ്രാഹീമിനോട് പറഞ്ഞിരുന്നത്. നാട്ടിലും ഇബ്രാഹിം ഡ്രൈവർ ജോലി എടുത്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നീതു നേരത്തെ ജോലി ചെയ്തത് ഇൻഫോ പാർക്കിലെ ഐടി സ്ഥാപനത്തിലായിരുന്നു.
നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് ഇബ്രാഹിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടിയാണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമം. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി.
കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി ശിൽപ വ്യക്തമാക്കിയിരുന്നു. പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam