
കോഴിക്കോട്: പുതുപുത്തൻ ഹെൽമെറ്റിന്റെ ചിൻ സ്ട്രാപ്പ് ആദ്യ ഇടലിൽ തന്നെ കയ്യിൽ, മുമ്പിലേക്ക് തൂക്കം കൂടുതൽ, കനം കുറഞ്ഞ കമ്പികൊണ്ടാണ് മുഖ കവചം - ഇത് ഏതെങ്കിലും ഇരുചക്രവാഹനത്തിന് വേണ്ടി തയ്യാറാക്കിയ ഹെൽമെറ്റല്ല, കോഴിക്കോട് നഗരത്തിലെ ഒരു പൊലീസുകാരന് കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് തല സുരക്ഷിതമാക്കാൻ ലഭിച്ച ഹെൽമെറ്റിന്റെ അവസ്ഥയാണ്. ഫോട്ടോ സഹിതമാണ് ഈ ഹെൽമെറ്റിന്റെ വിശേഷം ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന് കിട്ടിയ ഹെൽമെറ്റും സമാന അവസ്ഥയിൽ ചിൻ സ്ട്രാപ്പ് കയ്യിൽപോന്ന നിലയിൽ തന്നെയായിരുന്നുവെന്നും ഉമേഷ് കുറിക്കുന്നു.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ L&O ഡ്യൂട്ടിക്ക് കോഴിക്കോട് DHQ ആസ്ഥാനത്ത് നിന്ന് ഷീൽഡും ലാത്തിയും ഹെൽമെറ്റുമൊക്കെയായി ഉച്ചയ്ക്ക് പുറപ്പെട്ടു. കിട്ടിയത് പുതു പുത്തൻ ഹെൽമറ്റായിരുന്നു. വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോൾ തലയിൽ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിർമ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിൻസ്ട്രാപ്പ് ഇട്ടപ്പോൾ അത് കയ്യിൽ പോരുന്നു! അതോടെ സംഗതി തലയിൽ നിൽക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്പികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്! ഒരു കല്ലെങ്ങാനും വന്നു വീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തൻ സാധനമാണെങ്കിലും തുരുമ്പ് പിടിച്ചിരിക്കുന്നു പലയിടത്തും!
ഇതേ ടൈപ്പ് പുത്തൻ ഹെൽമെറ്റ് കിട്ടിയ സുഹൃത്തിനടുത്തു പോയി നോക്കി. പുള്ളിയും ഒരു കയ്യിൽ ഹെൽമെറ്റും മറുകയ്യിൽ ചിൻസ്ട്രാപ്പും പിടിച്ച് നിൽക്കുകയാണ്!
പോലീസിലെ 18 കൊല്ലത്തെ സർവ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ലൊടുക്ക ഹെൽമെറ്റ് കണ്ടിട്ടില്ല. ISI മാർക്ക് പോയിട്ട് ഏതു കമ്പനിയുടേതാണെന്ന് വരെ പിടിയില്ല!
തൽക്കാലം ഡിപ്പാർട്ട്മെന്റ് ഹെൽമെറ്റ് അടുത്തുള്ള കടയിലേൽപ്പിച്ച്, അവരുടെ ബൈക്കിന്റെ ഹെൽമെറ്റ് കടം വാങ്ങി ഡ്യൂട്ടിയെടുത്തു.
എന്തായാലും ഡിപ്പാർട്ട്മെന്റിലെ താഴേക്കിടയിലുള്ളവരുടെ തല പണയം വെച്ച് പുട്ടടിക്കാൻ ഉളുപ്പില്ലാത്ത ആസ്ഥാന പർച്ചേസ് ടീമിലെ മേലാളന്മാർക്ക് നല്ല നമസ്കാരം. വാഴ്ക വളമുടൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam