
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഈ മാസത്തെ രണ്ടാമത്തെ ശിശു മരണം ആണിത്. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് 8ന് മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷത്തെ ശിശുമരണം പന്ത്രണ്ടായി.
അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവത്തെ തുടർന്നായിരുന്നു പ്രതിപക്ഷ നീക്കം. ഇതിന് മറുപടി പറയവേ, സർക്കാർ വകുപ്പുകൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കോട്ടത്തറ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല എന്നും 162 സാമൂഹ്യ അടുക്കളകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ആദിവാസി ഊരുകളിൽ നിന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ബാക്കി ഉള്ളവ നിർത്തിയത്. ചില ഊരുകളിലേക്ക് ഗതാഗത സൗകര്യ പ്രശ്നം ഉണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
അട്ടപ്പാടി മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ
അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികൾ നൽകിയ ഹർജിയിലാണ്, മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച വരെയാണ് ഇടക്കാല സ്റ്റേ. കേസിലെ രേഖകൾ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജി പരിഗണിക്കവേ, വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്ന് നിരീക്ഷണവും ഉണ്ടായി. ഇക്കാര്യത്തിൽ മറുപടി വേണമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam