ചൈൽഡ് പ്രൊട്ടക്ഷൻ ടീം എതിർത്തു; മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് കുഞ്ഞ് അമൃതയിലേക്ക്

By Web TeamFirst Published Apr 16, 2019, 4:11 PM IST
Highlights

"ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ ഒരു നാസർ കാഞ്ഞങ്ങാടുമായും സംസാരിച്ചു. അയാളാണ് ഇതിന്റെ ഇടനിലക്കാരൻ. അയാളോട് പറഞ്ഞിട്ടുണ്ട് ഇത് റിസ്കാണെന്ന്. അമൃതയിൽ തന്നെ കയറ്റണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്," മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത് ചൈൽഡ് പ്രൊട്ടക്ഷൻ ടീം നിലപാടെടുത്തു. സർക്കാർ ചിലവിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് ഇവർ വാശിപിടിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ മന്ത്രിയുടെ കർശന നിർദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു.

മന്ത്രി പറഞ്ഞതിങ്ങനെ,

"ഞാനിപ്പോഴാണ് കാര്യമറിഞ്ഞത്. ഇന്നലെ തന്നെ കുഞ്ഞിനെ വിദഗ്ദ്ധ പരിചരണത്തിന് കോഴിക്കോട് മിംസിലോ, എറണാകുളം അമൃതയിലേക്കോ മാറ്റാമെന്ന് അവിടുത്തെ ആരോഗ്യപ്രവർത്തകർ അറിയിച്ചിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹൃദ്രോഗം വന്നാൽ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നതാണ് ഈ പദ്ധതി. ഇതുവരെ 1100 ലേറെ കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സ ലഭ്യമാക്കി. ഇതും ഹൃദ്യത്തിൽ ഉൾപ്പെടുത്തി ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്."

"ഈ കുട്ടിയുടെ ചികിത്സ അമൃതയിൽ നടത്താനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയിൽ ആവശ്യമായ സൗകര്യം ഒരുക്കിയത്. കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണ്."

"അമൃതയിൽ കൊണ്ടുപോകാനാണ് ഞാൻ നൽകിയ നിർദ്ദേശം. ശ്രീചിത്രയിൽ തന്നെ കൊണ്ടുവരണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീം വാശിപിടിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്കാണ്. എന്നെ സംബന്ധിച്ച്, എന്റെ ഉത്തരവാദിത്വം കുഞ്ഞിന്റെ ജീവൻ രക്ഷിക്കലാണ്. ചൈൽഡ് പ്രൊട്ടക്ഷൻ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനം. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാൽ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ," മന്ത്രി പറഞ്ഞു.

"കുഞ്ഞിന്റെ മാതാപിതാക്കളോട് സംസാരിക്കാൻ സാധിച്ചിട്ടില്ല. ഒപ്പമുള്ള നഴ്‌സിനോട് സംസാരിച്ച് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അമൃത ആശുപത്രിയിൽ ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാൻ പറഞ്ഞു. പിന്നെ ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ ഒരു നാസർ കാഞ്ഞങ്ങാടുമായും സംസാരിച്ചു. അയാളാണ് ഇതിന്റെ ഇടനിലക്കാരൻ. അയാളോട് പറഞ്ഞിട്ടുണ്ട് ഇത് റിസ്കാണെന്ന്. അമൃതയിൽ തന്നെ കയറ്റണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്," മന്ത്രി വ്യക്തമാക്കി.

click me!