കൗൺസിലിംഗിനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതി; ഇ ഡി ജോസഫിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി

By Web TeamFirst Published Dec 7, 2020, 6:26 PM IST
Highlights

ഇരയായ പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നുമായിരുന്നു ആരോപണം.

തിരുവനന്തപുരം: കണ്ണൂരിൽ കൗൺസിലിംഗിനായി എത്തിയ പതിനേഴ്കാരിയോട് മോശമായി പെരുമാറിയ കണ്ണൂർ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ ഡി ജോസഫിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ല്യുസി മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്നും ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് ഇറക്കി.

ഇരയായ പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾക്കെതിരായ പീഡനക്കേസുകൾ പരിഗണിക്കുകയും പ്രശ്നപരിഹാരം നിർദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബർ 21-ന്  പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗൺസിംഗിന് ഹാജരായപ്പോൾ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് 17 വയസ്സുകാരിയായ പെൺകുട്ടി രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്.

കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കണ്ണൂർ കുടിയാൻമല പൊലീസ് സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതിയ്ക്ക് മുന്നിൽ കൗൺസിലിംഗിനായാണ് ഈ പെൺകുട്ടി എത്തിയത്. 

താൻ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗൺസിലർമാർ അടക്കമുള്ളവർക്കൊപ്പം ഇരുന്നാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇ ഡി ജോസഫിന്റെ വിശദീകരണം. 

click me!