
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന് അണുബാധയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുണ്ടായിരുന്ന അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കുഞ്ഞിനെ ആശുപത്രിയിലാക്കിയത്. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.
അഞ്ചര മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് രാവിലെ എസ് എടി ആശുപത്രിയിലെത്തിച്ചെന്നും രണ്ട് മണിക്കൂറിനകം മരിച്ചെന്നുമാണ് ശിശുക്ഷേമ സമിതിയിൽ നിന്ന് അറിഞ്ഞത്. അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഒരാഴ്ച മുന്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു.
ശിശുക്ഷേമ സമിതി സംരക്ഷണയിലായിരുന്ന ഒന്നര വയസ്സുള്ള കുട്ടി മരിച്ചത് ഫെബ്രുവരി 28നാണ്. നേരത്തെ പനിയും മുണ്ടിനീരും ബാധിച്ച് കുട്ടികൾ കൂട്ടത്തോടെ ആശപത്രിയിലായിരുന്നു. രാവിലെ കുഞ്ഞിന്‍റെ മരണ വാര്‍ത്തക്ക് പിന്നാലെ കുട്ടികളെ വിശദമായ വൈദ്യ പരിശോധനകൾ നടത്തി ചികിത്സ വേണ്ടവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. മൂന്ന് പേരെ ഇതിനകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ശിശുക്ഷേമ സമിതിയും എസ്എടി ആശുപത്രി അധികൃതരും പറയുന്നത്. പ്രധാന കെട്ടിടത്തിൽ അറ്റകുറ്റപ്പണിയുടെ പേരിൽ തൊട്ടടുത്ത ഹോട്ടലിന് മുകളിലെ ലോഡ്ജിലാണ് കുട്ടികളെ താമസിപ്പിച്ചിട്ടുള്ളത്. ജനറൽ സെക്രട്ടറി അടക്കം ഭാരവാഹികൾക്ക് ശീതികരിച്ച മുറിയടക്കം സജീകരണങ്ങളുള്ളപ്പോൾ കുട്ടികൾക്ക് സൗകര്യം പരിമിതമെന്ന ആക്ഷേപമുണ്ട്. ശിശുക്ഷേമ സമിതിയിൽ കുട്ടികളെ ആയമാര്‍ പരിപാലിക്കുന്നതിലെ വീഴ്ചയടക്കമുള്ള കാര്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam