'മണ്ണ് വാരി തിന്നു' പരാമര്‍ശം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്ക് രാജിവച്ചു

By Web TeamFirst Published Dec 11, 2019, 6:45 PM IST
Highlights

ശിശുക്ഷേമ സമിതി പ്രസിഡന്‍ററായതിനാലാണ് മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറിയത്. കാലാവധി തീരാന്‍ അധികനാളില്ലാത്തതിനാല്‍ സ്ഥാനത്ത് തുടരാമെന്നായിരുന്നു ദീപക്കിന്‍റെ പ്രതീക്ഷ

തിരുവനന്തപുരം: കൈതമുക്കിൽ പട്ടിണി സഹിക്കാനാകാതെ കുട്ടികൾ മണ്ണ് വാരി തിന്നിരുന്നുവെന്ന പരാമര്‍ശത്തില്‍ കുരുക്കിലായ ശിശുക്ഷേമ സമിതി സംസ്ഥാന ജനറൽ എസ് പി ദീപക് സ്ഥാനം രാജിവച്ചു. ദീപക്കിന്‍റെ പ്രസ്താവന സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ് മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതോടെ ദീപക്കിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദീപക്ക് രാജി കത്ത് കൈമാറി. സിപിഎം നിർദ്ദേശ പ്രകാരമാണ് രാജി. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് മുഖ്യമന്ത്രിക്ക് രാജി കത്ത് നൽകിയ ശേഷം ദിപക് പറഞ്ഞു.

ശിശുക്ഷേമ സമിതി പ്രസിഡന്‍ററായതിനാലാണ് മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറിയത്. കാലാവധി തീരാന്‍ അധികനാളില്ലാത്തതിനാല്‍ സ്ഥാനത്ത് തുടരാമെന്നായിരുന്നു ദീപക്കിന്‍റെ പ്രതീക്ഷ. എന്നാല്‍ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ മറ്റുവഴികളില്ലാതെ ദീപക്കിന് രാജിവച്ച് പടിയിറങ്ങേണ്ടിവന്നു.

സാമൂഹ്യസുരക്ഷയിലും ആരോഗ്യപരിപാലനത്തിലും കേരളം ഒന്നാമതെന്ന് അവകാശപ്പെടുന്നതിനിടെ കൈതമുക്ക് സംഭവവും  ദീപക്കിന്‍റെ പരാമര്‍ശവും സർക്കാറിനെ വെട്ടിലാക്കിയിരുന്നു. ബാലാവകാശ കമ്മീഷൻ നടത്തിയ പരിശോധനയിൽ ദീപക് പറഞ്ഞത് ശരിയല്ലെന്ന് കണ്ടെത്തിയെങ്കിലും ദീപക് മുൻ പ്രസ്താവനയിൽ ഉറച്ചുനിന്നു. ഇതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി വേണമെന്ന നിലപാടിലേക്കെത്തിയത്. മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു

പ്രാദേശിക പാർട്ടിക്കാർ നൽകിയ വിവരം അനുസരിച്ചാണ് കൈതമുക്കിൽ കുട്ടികൾ പട്ടിണി മൂലം മണ്ണ് തിന്നതെന്ന പരാമര്‍ശം നടത്തിയതെന്നായിരുന്നു ദീപക്ക് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും പാർട്ടിക്ക് നൽകിയ വിശദീകരണത്തിൽ ദീപക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന തീരുമാനത്തിലാണ് സിപിഎം നേതൃത്വം എത്തിയത്.

ബാലാവകാശ കമ്മീഷനും നഗരസഭയും നടത്തിയ പരിശോധനയിൽ കുട്ടികള്‍ മണ്ണുവാരി തിന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് ദീപകിനോട് സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ആവശ്യപ്രകാരം സിപിഎം ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിമൽ നൽകിയ വിവരമനുസരിച്ചാണ് മണ്ണ് തിന്നതെന്ന് പറയേണ്ടിവന്നതെന്നും ദീപക് വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. സ്ഥലത്തെത്തിയ സമിതിയിലെ ഉദ്യോഗസ്ഥരും ഇത് ശരിവെച്ചെന്നും കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ദീപക് പാര്‍ട്ടിയോട് പറഞ്ഞു.

എന്നാല്‍ കുട്ടികളുടെ അമ്മയുടെ പേരിൽ ശിശുക്ഷേമസമിതിക്ക് കത്തെഴുതിയത് വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണെന്ന് ഇതിനകം പാർട്ടി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദീപകിനെതിരെ പാർട്ടി നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രിയും കടുത്ത അതൃപ്തി വ്യക്തമാക്കിയത് ദീപക്കിന് തിരിച്ചടിയായി. ദേശീയ തലത്തിൽ തന്നെ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ദീപകിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്.

സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ ദീപകിനെതിരെ പാർട്ടി തലത്തിലും നടപടി ഉണ്ടാകും. ദീപകിനെ രാജിവെപ്പിച്ച ദിവസം തന്നെ, കുട്ടികൾ മണ്ണ് തിന്നുവെന്ന വാർത്ത നിഷേധിച്ച ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷിന് സർക്കാർ ചീഫ് സെക്രട്ടറി പദവി നൽകിയതും ശ്രദ്ധേയമാണ്. അതിനിടെ സിപിഎം കൈതമൂക്കിൽ രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു.

click me!