
കണ്ണൂർ: ഐസ് ക്രീം ബോംബ് പൊട്ടിത്തെറിച്ച് ഒന്നര വയസുകാരനുൾപെടെ ഉൾപെടെ രണ്ട് കുട്ടികൾക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ കുടുംബത്തെ തിരിഞ്ഞ് നോക്കാതെ സർക്കാർ. വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി ഒരു വർഷമായിട്ടും പത്തുരൂപ പോലും ചികിത്സ സഹായം കിട്ടിയില്ലെന്നും കടം വാങ്ങിയും നാട്ടുകാരോട് കൈനീട്ടിയുമാണ് ആശുപത്രി ബില്ലടച്ചത് എന്നും കുടുംബം പറയുന്നു. ആളൊഴിഞ്ഞ പറമ്പിൽ ഐസ്ക്രീം ബോൾ കൊണ്ടുവച്ചവരെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ആശുപത്രിക്കിടക്കയിൽ വേദനതിന്ന് കിടന്ന ആ നാളുകൾ അമീന് ഓർമ്മയുണ്ടാകുമോ.ഉണ്ടെന്ന് തന്നെ അവൻ പറയുന്നുണ്ട്. ബോബ് പൊട്ടി.ചോരയായിരുന്നു, ആശുപത്രിയിൽ പോയി -അമീൻ ആ നാളുകൾ ഓർത്തെടുത്തു
കഴിഞ്ഞ കൊല്ലം മെയ് നാല്. രാവിലെ പറമ്പിൽ കളിക്കാൻ പോയ കുട്ടികൾ വീട്ടിലേക്ക് ഓടി വരുന്നത് റുഖിയ അടുക്കളയിൽ നിന്ന് കാണുന്നുണ്ടായിരുന്നു. പിന്നീട് കേട്ടത് ഒരു പൊട്ടിത്തെറിയുടെ ശബ്ദം.പറമ്പിൽ നിന്നും കിട്ടിയ ഐസ്ക്രീം ബോൾ വീട്ടിലേക്ക് കൊണ്ടുവന്ന് കളിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. നാല് വയസുകാരൻ അമീനിനും ഒന്നരവയസുകാരൻ റബീയിനും പരിക്കുപറ്റി.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആ സമയം അവിടെ പ്ലാസ്റ്റിക് സർജ്ജനില്ലാത്തത്കൊണ്ട് ചികിത്സ തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു.
മാതാപിതാക്കൾ നേരത്തെ മരിച്ച, സ്വന്തമായി വീടില്ലാത്ത ശംഷീറ പറക്കമറ്റാത്ത ഈ മൂന്ന് കുട്ടികളെയും കൊണ്ട് വല്ലാതെ പാടുപെട്ടു. കമ്മൽ വിറ്റും കടം വാങ്ങിയും ആശുപത്രി ബില്ലടച്ചു. തികയാതെ വന്നതോടെ ഡിസ്ചാർജ് സമ്മതിക്കില്ലെന്നായി. നാട്ടുകാർ പിരിവെടുത്താണ് ബാക്കി തുക അടച്ചത്.
അപേക്ഷകൊടുത്താൽ ചികിത്സ തുക സർക്കാരിൽ നിന്ന് കിട്ടുമെന്ന് കേട്ട് തില്ലങ്കേരി വില്ലേജ് ഓഫീസിൽ അഞ്ചുമാസം ശംഷീറ കയറി ഇറങ്ങി. ചെരുപ്പ് തേഞ്ഞത് മിച്ചം. സ്ഫോടനത്തിന്റെ ഷോക്ക് മാറാൻ പടിക്കച്ചാലിലെ വാടക വീട് വിട്ട് വെളിയമ്പ്രയിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. കുഞ്ഞുങ്ങൾക്ക് മാരകമായി മുറിവുണ്ടാക്കിയ ഐസ്ക്രീം ബോംബ് പറമ്പിൽ ഒളിപ്പിച്ച ആളെ മുഴക്കുന്ന് പൊലീസ് കണ്ടെത്തിയോ. ഇല്ല. പൊലീസ് നായയേയും കൊണ്ടുള്ള പതിവ് തെക്ക് വടക്ക് നടത്തം നടന്ന് ആ ബോംബ് കേസും മരവിപ്പിച്ചു.