കുമ്പള സ്കൂളിൽ വീണ്ടും പലസ്തീൻ ഐക്യദാർഢ്യ മൈം അവതരിപ്പിച്ച് കുട്ടികൾ; സദസിൽ മുദ്രാവാക്യം വിളികൾ, പുറത്ത് ബിജെപി പ്രതിഷേധം

Published : Oct 06, 2025, 12:43 PM IST
kumbala school mime

Synopsis

പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം ആണ് കുട്ടികൾ വീണ്ടും അവതരിപ്പിച്ചത്. നേരത്തെ 10 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം 5 മിനിറ്റിലേക്ക് ചുരുക്കിയായിരുന്നു അവതരണം. കുട്ടികൾ കഫിയ ധരിച്ചാണ് പരിപാടിക്ക് എത്തിയത്. 

കാസർകോട്: കാസർകോട് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വയ്പ്പിച്ച മൈം വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ചു. പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം ആണ് കുട്ടികൾ അവതരിപ്പിച്ചത്. നേരത്തെ 10 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം കലോത്സവ മാന്വൽ പ്രകാരം 5 മിനിറ്റിലേക്ക് ചുരുക്കിയായിരുന്നു അവതരണം. കുട്ടികൾ കഫിയ ധരിച്ചാണ് പരിപാടിക്ക് എത്തിയത്. എന്നാൽ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഒഴിവാക്കിയായിരുന്നു അവതരണം. സദസ്സിൽ ‘ഫ്രീ പലസ്തീൻ’ മുദ്രാവാക്യങ്ങളും ഉയർന്നു. 

മൈം നിർത്തിവെപ്പിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്തിയായിരുന്നു കുട്ടികളുടെ അവതരണം. അതേസമയം, കുമ്പള സ്കൂളിന് പുറത്ത് ബിജെപി പ്രതിഷേധിച്ചു. മൈം അവതരിപ്പിച്ച് കഴിഞ്ഞതിന് തൊട്ടുപിറകെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ എത്തിയത്. ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെയാണ് പ്രതിഷേധമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പതാക കാണിച്ച് മൈം നടത്തുന്നതിന് എതിരാണെന്നും ബിജെപി പറയുന്നു. നേരത്തെ മൈം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം മൈം അവതരിപ്പിച്ചതിന് ശേഷമാണ് ബിജെപി പ്രതിഷേധിച്ചത്. വലിയ പൊലീസ് സന്നാഹമാണ് സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചിട്ടുള്ളത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് പ്ലസ് ടു വിദ്യാർത്ഥികളുടെ മൈം, പലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പേരിൽ നിർത്തിവയ്പ്പിച്ചത്. ശനിയാഴ്ച തുടരേണ്ട കലോത്സവം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ ഒൻപത് മുതൽ കലോത്സവം തുടരാനും തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും അതേ മൈം അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മൈം നിർത്തി വെപ്പിച്ചതിനെ തുടർന്ന് എംഎസ്എഫും, എസ്എഫ്ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്