
മലപ്പുറം: ഇതരസംസ്ഥാനക്കാരായ ദമ്പതിമാർ വീട്ടിനകത്ത് പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാരും പൊലീസുകാരും ചേർന്ന് രക്ഷപ്പെടുത്തി. ആറും നാലും വയസ്സുള്ള കുട്ടികളെയാണ് ദമ്പതിമാർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്.
പട്ടിണി കിടന്ന അവശനിലയിലായ കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കുട്ടികളെ വീട്ടിനുള്ളിൽ അടച്ചിട്ട് പോകുന്ന ദമ്പതിമാർ അവർക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭക്ഷണം കൊടുക്കാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടാണ് ദമ്പതികൾ പുറത്തു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അധികൃതർ എത്തി പൂട്ടു പൊളിച്ച് വീട്ടിൽ പ്രവേശിച്ചപ്പോൾ ആണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശരായ കുട്ടികൾ നേരെ നിൽക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ഇളയകുട്ടിക്ക് കണ്ണുതുറക്കാൻ പോലും പറ്റിയിരുന്നില്ല.
ആശുപത്രിയിലെത്തിച്ച് വെള്ളവും ബിസ്കറ്റും മറ്റും നൽകിയതോടെയാണ് കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും കുട്ടികൾ ഇവരുടേത് തന്നെയാണോ എന്നു ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആശുപത്രിയിലെത്തിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ കുട്ടികൾ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങി പോകാതിരിക്കാനാണ് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam