സീസണായാൽ മാങ്ങയും ചക്കയും തേടി കാടിറങ്ങും, കിട്ടിയില്ലെങ്കിലും പരിഭവമില്ല: ഇത് ചില്ലിക്കൊമ്പൻ

Published : May 07, 2023, 07:58 AM IST
സീസണായാൽ മാങ്ങയും ചക്കയും തേടി കാടിറങ്ങും, കിട്ടിയില്ലെങ്കിലും പരിഭവമില്ല: ഇത് ചില്ലിക്കൊമ്പൻ

Synopsis

തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് അടുത്തും ഓറഞ്ച് ഫാമിനടത്തും എത്താറുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്ന പതിവ് ചില്ലിക്കൊമ്പനില്ല

പാലക്കാട്: മാങ്ങാക്കാലം ആയതോടെ നെല്ലിയാമ്പതിയിലെ വനാതിർത്തികളിൽ ആനയിറങ്ങുന്നു. ചില്ലിക്കൊമ്പൻ എന്നാണ് ആനയ്ക്ക് നാട്ടുകാർ ഇട്ടിരിക്കുന്ന പേര്. പ്രദേശത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെയാണ് ഈ കൊമ്പൻ വിലസി നടക്കുന്നതും കാട് കയറുന്നതെന്നും നാട്ടുകാർ പറയുന്നു. നെല്ലിയാമ്പതിയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാര സാധനങ്ങൾ മാങ്ങയും ചക്കയുമാണ്.

തേയിലത്തോട്ടത്തിലൂടെ ഉലാത്തുന്ന ആന പ്ലാവിൽ കയറുന്നതും മനസ് നിറയ്ക്കുന്ന കാഴ്ചയാണ്. നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾക്ക് അവയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തോട് ചേർത്താണ് ഇരട്ടപ്പേര് കിട്ടുന്നത്. അതാണ് ചിന്നക്കനാൽ, പെരിയ കനാൽ മേഖലയിൽ ഇറങ്ങി അരി തിന്നൽ പതിവാക്കിയ കൊമ്പനാനയെ അരിക്കൊമ്പൻ ആക്കിയത്.  ഒപ്പമുണ്ടായിരുന്ന ചക്കക്കൊതിയനായ കൊമ്പനാനയെ ചക്കക്കൊമ്പൻ എന്നാണ് വിളിച്ചത്.

എന്നാൽ ചില്ലിക്കൊമ്പൻ എന്ന പേര് ആരാണ് നൽകിയതെന്ന് വ്യക്തമല്ല. മാങ്ങാ, ചക്ക സീസണായാൽ കാടിറങ്ങുന്ന ആന ഇവ കിട്ടാൽ എന്ത് വെല്ലുവിളിയും നേരിടുമെന്നാണ് സ്ഥലവാസികൾ പറയുന്നത്. മരത്തിന്റെ ഉയരം ചില്ലിക്കൊമ്പന് തടസവുമല്ല. മാവ് കുലുക്കി മാങ്ങ വീഴ്ത്തി തിന്നുന്നതാണ് ആനയ്ക്ക് ശീലമെന്നും നാട്ടുകാർ പറയുന്നു. പ്ലാവിൽ ചവിട്ടിക്കയറിയാണ് മുകളിലുള്ള ചക്ക എത്തിപ്പിടിച്ച് പറിക്കുന്നത്.

വയറു നിറഞ്ഞാൽ തേയില തോട്ടത്തിലൂടെ ഉലാത്തുന്ന ആന നാട്ടുകാരുടെ ഇഷ്ട കാഴ്ചയാണ്. തോട്ടം തൊഴിലാളികളുടെ ലയങ്ങൾക്ക് അടുത്തും ഓറഞ്ച് ഫാമിനടത്തും എത്താറുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്ന പതിവ് ചില്ലിക്കൊമ്പനില്ല. ചക്കയോ , മാങ്ങയോ , തേങ്ങയോ മോഹിച്ച് വന്നിട്ടും അത് കിട്ടിയില്ലെങ്കിൽ പരിഭവങ്ങളുമില്ല. വന്നത് പോലെ കാട് കയറി തിരിച്ചുപോകുന്നതാണ് ശീലമെന്നും നാട്ടുകാർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ