ധനവകുപ്പിന് വീണ്ടുവിചാരം; ചിന്ത ജെറോമിന് ശമ്പളകുടിശ്ശിക അനുവദിച്ച് ഉത്തരവ് ഇറക്കുന്നത് വൈകുന്നു

Published : Jan 06, 2023, 06:51 AM ISTUpdated : Jan 06, 2023, 07:26 AM IST
ധനവകുപ്പിന് വീണ്ടുവിചാരം; ചിന്ത ജെറോമിന് ശമ്പളകുടിശ്ശിക അനുവദിച്ച് ഉത്തരവ് ഇറക്കുന്നത് വൈകുന്നു

Synopsis

വിവാദമായ സാഹചര്യത്തിൽ കൂടുതൽ പരിശോധന നടത്താനാണ് ധന യുവജന ക്ഷേമ വകുപ്പുകളുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കിടെ എട്ടര ലക്ഷം രൂപ കുടിശ്ശിക നൽകുന്നതിനെതിരെ വലിയ എതിർപ്പുകളാണ് ഉയരുന്നത്.

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിക്കാൻ ധന വകുപ്പ് തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറക്കിയില്ല. വിവാദമായ സാഹചര്യത്തിൽ കൂടുതൽ പരിശോധന നടത്താനാണ് ധന യുവജന ക്ഷേമ വകുപ്പുകളുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കിടെ എട്ടര ലക്ഷം രൂപ കുടിശ്ശിക നൽകുന്നതിനെതിരെ വലിയ എതിർപ്പുകളാണ് ഉയരുന്നത്. അതേസമയം കമ്മീഷൻ മുൻ അധ്യക്ഷൻ ആർ വി രാജേഷിന് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളത് സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുന്നു. കുടിശ്ശിക അനുവദിക്കുക ആണെങ്കിൽ രണ്ട് പേർക്കും നൽകേണ്ട സ്ഥിതിയാണ്.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനമാണ് വിവാദത്തിലായത്. ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്നുമായിരുന്നു ചിന്തയുടെ വിശദീകരണം. എന്നാൽ ചിന്താ ജെറോമിന്‍റെ അപേക്ഷയിലാണ് നടപടികളെന്ന് ഫയലുകളിൽ വ്യക്തമാണ്. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്.

Also Read: 'യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ'; പരിഹാസവുമായി ജോയ് മാത്യു

2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന ചിന്തയുടെ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. പിന്നീട് ചിന്ത ധനമന്ത്രിക്ക് നൽകിയ അപേക്ഷയിലാണ് 17 മാസത്തെ കുടിശ്ശിക നൽകാനുള്ള തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്
തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും