
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകും. സ്വകാര്യ വിമാന യാത്ര ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്തേക്ക് വരട്ടെയെന്നും ചിപ്സൺ അധികൃതർ പറഞ്ഞു.
സര്‍ക്കാരിന് 3 വര്‍ഷമായി ഹെലികോപ്റ്റര്‍ നൽകിയ ചിപ്സണ്‍ കരാര്‍ പുതുക്കി കിട്ടാൻ ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമാനയാത്ര. അതേസമയം, ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താത്തതിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ രംഗത്തുവന്നിരുന്നു. സ്പോൺസറുടെ പേര് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നത് ദുരൂഹത ഉള്ളതുകൊണ്ടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന സതീശന്‍റെ വാദം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള അടവ് മാത്രമാണെന്നും, എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അതും പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സ്പോൺസർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അഴിച്ചുവിട്ടത്. പുറത്ത് പേര് പറയാൻ കൊള്ളാത്തവരായ ആളുകളാണ് സർക്കാരിന്റെ സ്പോൺസർമാരെന്നും പണക്കാരെ കാണുമ്പോൾ കവാത്ത് മറക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശയാത്രയും കാറും അടക്കം എല്ലാം സ്പോൺസർഷിപ്പിലൂടെ വാങ്ങുന്ന ഇത്രയും വേഗം പൊളിഞ്ഞ മറ്റൊരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam