ഫയലുകളിൽ തീരുമാനം വൈകരുത്, നിരവധി പേരുടെ ജീവിതപ്രശ്നമാണ്. ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചു.

തിരുവനന്തപുരം: ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോ​ഗത്തിലാണ് ഈ നിർദേശം നൽകിയത്. ഫയലുകളിൽ തീരുമാനം വൈകരുത്, നിരവധി പേരുടെ ജീവിതപ്രശ്നമാണ്. ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചു.

തുടർവിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചുചേർത്തത്. യോഗത്തിൽ വകുപ്പ് സെക്രട്ടറിമാർക്കൊപ്പം മന്ത്രിമാരും പങ്കെടുത്തു. ചില ഉദ്യോഗസ്ഥരുടെ നടപടികളിൽ സർക്കാർ വെട്ടിലായിരുന്നു. ഇതിന് പിന്നാലെയുണ്ടായ കൂട്ട സ്ഥലംമാറ്റത്തിൽ ചില ഉദ്യോഗസ്ഥർക്ക് അതൃപ്തിയും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു തിങ്കളാഴ്ചത്തെ യോ​ഗം.

ജനങ്ങളുടെ പരാതികൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുള്ള 'ജനസ്പർശം' ഫയൽ അദാലത്ത് കാര്യക്ഷമമാക്കാൻ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യോ​ഗത്തിൽ തീരുമാനമായി. കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികൾ പരമാവധി സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനും നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പ് കൂടുതൽ വേഗത്തിലാക്കുന്നതിനും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദേശം നൽകി.വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഫയൽ കൈകാര്യം ചെയ്യൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഫയലുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഫ്ലാഗ് ഷിപ്പ് പ്രോഗ്രാമുകൾ വേഗത്തിലാക്കാനും പുരോഗതി വിലയിരുത്താന്നും സെക്രട്ടറിമാർക്ക് നിർദേശം നൽകി.