
കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയ (19) യുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്കെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും കുട്ടിയുടെ തലയില്‍ അടിയേറ്റതിന്‍റെ ഒന്നില്‍ കൂടുതല്‍ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതി അലന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആൺ സുഹൃത്ത് അലനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയത്തെ തുടർന്ന് ഇയാൾ മദ്യലഹരിയിൽ കല്ലുകൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് താമസിക്കുന്ന 19 വയസ് മാത്രം പ്രായമുള്ള ചിത്ര പ്രിയ. ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടി മടങ്ങി വരാതായതോടെ തെരച്ചിൽ തുടങ്ങിയ വീട്ടുകാർ കാലടി പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ചിത്ര പ്രിയയുടെ ആൺ സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂർ നക്ഷത്ര തടാകംത്തിനരികിൽ ഉള്ള വഴിയിൽ, ഒഴിഞ്ഞ പറമ്പിൽ ചിത്ര പ്രിയയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.
തലയ്ക്ക് അടിയേറ്റതായി ഇൻക്യുസ്റ്റിൽ തന്നെ വ്യക്തമായിരുന്നു. ശരീരത്തിൽ മുറിപാടുകളും കണ്ടെത്തിയത്തോടെതന്നെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയും ആണ്‍ സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം കൂടി പിന്നാലെ ലഭിച്ചതോടെയാണ് അലനെ കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു എന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്ക് മറ്റൊരാൺ സുഹൃത്ത് ഉണ്ടെന്ന സംശയത്തിൽ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam