
തിരുവനന്തപുരം : ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ 70.91 ശതമാനം പോളിംഗ്. അന്തിമ കണക്ക് വന്നപ്പോൾ കഴിഞ്ഞ തവണത്തേക്കാൾ 3 ശതമാനം കുറഞ്ഞു. വൻ പ്രചാരണം നടത്തിയിട്ടും പോളിംഗ് കുറഞ്ഞതിനെ കുറിച്ചുള്ള ചർച്ചകളിലാണ് മുന്നണികൾ. എന്നാൽ പുറത്ത് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് നേതാക്കൾ.
ശബരിമല സ്വർണ്ണക്കൊള്ള, രാഹുൽ മാങ്കൂട്ടത്തിൽ വിവാദം, വികസനചർച്ചകൾ, മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെ ചർച്ചയായ തിരഞ്ഞെടുപ്പിനെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായാണ് കണക്കാക്കുന്നത്. മൂന്നണികൾ മൂന്നും കേരളമാകെ ഇളക്കിമറിച്ചെങ്കിലും പക്ഷെ ആ ആവേശം ആ നിലയിൽ വോട്ടായില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ അന്തിമ കണക്കിൽ നിന്നും വ്യക്തമാകുന്നത്. 2020 ൽ 7 ജില്ലകളിൽ 73.85 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 70.91 മാത്രമാണ്. കൂടുതൽ എറണാകുളത്ത് 74.57, കുറവ് തിരുവനന്തപുരത്ത് 67.47, ആലപ്പുഴയിൽ 73.80, കോട്ടയം 70.86, ഇടുക്കി 71.78 , കൊല്ലം 70.35, പത്തനംതിട്ട 66.78. 7 ജില്ലകളിലും കഴിഞ്ഞ തവണത്തെക്കാൾ കുറവ്. പൊരിഞ്ഞ ത്രികോണപ്പോര് നടന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പോളിംഗ് 60 ശതമാനം പോലും കടന്നില്ല. 58.29. എറണാകുളത്ത് 62.44. കൊല്ലം 63.35.ശതമാനക്കുറവിൽ തലപുകക്കുകയാണ് മുന്നണികൾ.
ആദ്യ വിലയിരുത്തലിൽ വോട്ടർ പട്ടികയെയാണ് നേതാക്കൾ വില്ലനാക്കുന്നത്. മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും പൂർണ്ണമായും പട്ടികയിൽ നിന്ന് നീക്കിയില്ലെന്നാണ് വിലയിരുത്തൽ. ഉള്ളിലെആശങ്ക പുറത്ത് കാണിക്കാതയാണ് വിജയ പ്രതീക്ഷ പങ്ക് വെക്കുന്നത്. 2020 നെക്കാൾ നേട്ടമെന്നാണ് എൽഡിഎഫ് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. കൊച്ചി കോർപ്പറേഷൻ പിടിക്കുമെന്നും തലസ്ഥാനത്ത് കരുത്ത് കാട്ടുമെന്നും ജില്ലാ പഞ്ചായത്തുകളിൽ വലിയ നേട്ടമുണ്ടാക്കുമെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam