
പത്തനംതിട്ട: ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. റാന്നി കോടതിയിലാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാതെയുള്ള കുടുംബത്തിന്‍റെ പ്രതിഷേധം 17 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണ വിധേയരായ മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.
വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസിന് നിയമോപദേശം കിട്ടിയതും കേസിൽ ഹൈക്കോടതി ഇടപെട്ടതും കുടുംബത്തിന്റെ പ്രതീക്ഷ കൂട്ടുന്നു. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി. സംസ്കാരം നടത്തുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
ഓർത്തഡോക്സ് സഭ വഴി കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുന്നു. മൃതദേഹം സംസ്കരിക്കാതെയുള്ള പ്രതിഷേധം സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവമാണ്. 2015 ൽ ഗോവയിലെ പരിസ്ഥിതി ബിസ്മോർക്ക് ഡയസിന്റെ മൃതദേഹം മൂന്ന് വർഷം സംസ്കരിക്കാതെ കുടുംബം പ്രതിഷേധിച്ചിരുതാണ് സമാന സംഭവം. കഴിഞ്ഞ മാസം 28നാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ സ്വന്തം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam